ലീഗിന്‍റെ പരാതി ഗൌരവകരം - ചെന്നിത്തല

ശനി, 31 മെയ് 2008 (16:20 IST)
KBJWD
മലപ്പുറത്തെ യു.ഡി.എഫ് സംവിധാനത്തെക്കുറിച്ചുള്ള ലീഗിന്‍റെ പരാതി ഗൌരവത്തോടെ കാണുന്നുവെന്ന് കെ.പി.സി.സി സംസ്ഥാന അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു.

ലീഗിന്‍റെ പരാതികള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു. ആര്യാടന്‍ ഷൌക്കത്ത് ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് അടിയന്തിരമായി നടപടി സ്വീകരിച്ചത്. പാണക്കാട് തങ്ങള്‍ക്കെതിരെയുള്ള പ്രസ്താവന സംഘടനാപരമായി തെറ്റാണ്. അതിനാലാണ് ഷൌക്കത്തിനോട് വിശദീകരണം തേടിയത്.

തങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിനും യു.ഡി.എഫിനും വേദനയുണ്ടാക്കി. ലീഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഇനി ആരും പരസ്യ പ്രസ്താവന നടത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലെ മുസ്ലീം ലീഗ് യു.ഡി.എഫിന്‍റെ അവിഭ്യാജ്യമായ ഘടകമാണ്. മലപ്പുറത്തെ യു.ഡി.എഫ് സംവിധാനത്തെ കുറിച്ചുള്ള ചില പ്രശ്നങ്ങള്‍ അവര്‍ ഉന്നയിച്ചിട്ടുണ്ട്.

അത് വളരെ ഗൌരവത്തോടെയാണ് കെ.പി.സി.സി കാണുന്നത്. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വെബ്ദുനിയ വായിക്കുക