രാജീവിന്റെ കൊലപാതകം കയ്യബദ്ധം, ക്വട്ടേഷന്‍ നല്‍കിയത് ബന്ദിയാക്കാന്‍: അഡ്വ. ഉദയഭാനു

വ്യാഴം, 2 നവം‌ബര്‍ 2017 (10:26 IST)
ചാലക്കുടിയില്‍ തോട്ടം പാട്ടത്തിനെടുത്ത അങ്കമാലി സ്വദേശിയായ രാജീവിന്റെ കൊലപാതകം കയ്യബദ്ധമായിരുന്നുവെന്ന് അറസ്റ്റിലായ അഡ്വ.സി.പി.ഉദയഭാനു. രാജീവിനെ ബന്ദിയാക്കാനായിരുന്നു ക്വട്ടേഷന്‍ നല്‍കിയത്. പണം തിരിച്ചുപിടിക്കുന്നതിനായി രാജീവിന്റെ സ്വത്ത് കൈവശപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ചക്കര ജോണിയും രഞ്ജിത്തും ചേര്‍ന്നാണ് എല്ലാം ചെയ്തത്. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും നിയമോപദേശം നല്‍കുക മാത്രമാണ് ചെയ്തതെന്നും ഉദയഭാനു പൊലീസിനോട് പറഞ്ഞു.    
 
റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ ഏഴാംപ്രതിയായ ഉദയഭാനുവിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃപ്പുണിത്തുറയിലുള്ള സഹോദരന്റെ വീട്ടില്‍ വച്ചാണ് ഉദയഭാനുവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് അറസ്റ്റ്.
 
ഉദയഭാനുവിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ഉദയഭാനുവിനെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ കേസിലെ അഞ്ചാം പ്രതിയായ ചക്കര ജോണിയുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ രേഖകളും ഉദയഭാനുവിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന്റെ തെളിവാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍