രാജിയില്ലെന്ന മാണിയുടെ നിലപാട് അദ്‌ഭുതപ്പെടുത്തിയെന്ന് ജോണി നെല്ലൂര്‍

വ്യാഴം, 19 മാര്‍ച്ച് 2015 (10:47 IST)
ബാര്‍കോഴ കേസില്‍ കുറ്റപത്രം ലഭിച്ചാലും രാജിയില്ലെന്ന ധനമന്ത്രി കെ എം മാണിയുടെ നിലപാട് അദ്ഭുതപ്പെടുത്തിയെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോണി നെല്ലൂര്‍. വാര്‍ത്താചാനലിനോടാണ് ജോണി നെല്ലൂര്‍ ഇങ്ങനെ പറഞ്ഞത്. 
 
അതേസമയം, കേരള കോണ്‍ഗ്രസ് (എം) അടിയന്തര സ്റ്റിയറിംഗ് കമ്മിറ്റി ശനിയാഴ്ച ചേരും. നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചതിനു ശേഷമുള്ള സാഹചര്യങ്ങളും ബാര്‍ കോഴ സംബന്ധിച്ചുള്ള ആരോപണവും സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യും. മാണിക്കെതിരായ കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങളും സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ചര്‍ച്ചയാകും.
 
ഇതിനിടെ, കഴിഞ്ഞദിവസം ഒരു വാര്‍ത്താചാനലിനു നല്കിയ അഭിമുഖത്തില്‍ ബാര്‍കോഴ കേസില്‍ കുറ്റപത്രം ലഭിച്ചാലും രാജി വെക്കില്ലെന്ന് മാണി പറഞ്ഞിരുന്നു. എന്നാല്‍, പാര്‍ട്ടിക്ക് അകത്തും പുറത്തും യു ഡി എഫിലും ഇത് വിമര്‍ശനത്തിന് ഇടയാക്കി.
 
കുറ്റപത്രം വന്നാല്‍ കെ എം മാണി പറഞ്ഞപോലുള്ള സാഹചര്യം ആയിരിക്കുകയില്ല എന്നാണ് നേതാക്കളുടെ അഭിപ്രായം. 
അതേസമയം, ഇത് കെ എം മാണിയുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും മുന്നണി ഇക്കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
 
കുറ്റപത്രം വന്നാല്‍ കെ എം മാണി പറഞ്ഞ പോലുള്ള സാഹചര്യം ആയിരിക്കുകയില്ല. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ മാണിയുടെ അഭിപ്രായം ആയിരിക്കില്ല അംഗീകരിക്കുകയെന്നും നേതാക്കള്‍ വ്യക്തമാക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക