രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാന്‍ ധാരണ; യുഡി‌എഫ് ചെയര്‍മാനായി ഉമ്മന്‍‌ചാണ്ടി തുടരും

വെള്ളി, 27 മെയ് 2016 (12:11 IST)
രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാന്‍ യു ഡി എഫ് നേതാക്കള്‍ക്കിടയില്‍ ധാരണ. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഉമ്മന്‍‌ചാണ്ടിയും രമേശ് ചെന്നിത്തലയും വി എം സുധീരനും രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് അന്തിമ ധാരണയായത്.
 
അതേസമയം, യു ഡി എഫ് ചെയര്‍മാനായി ഉമ്മന്‍‌ചാണ്ടി തന്നെ തുടരും. ഇതുവരെയുള്ള കീഴ്വഴക്കമനുസരിച്ച് പ്രതിപക്ഷ നേതാവ് തന്നെ ചെയര്‍മാനാകുന്നതായിരുന്നു പതിവ്. എന്നാല്‍ തര്‍ക്കങ്ങളൊഴിവാക്കി സമവായ സാധ്യത പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
 
പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ തര്‍ക്കങ്ങളുമുണ്ടാകരുതെന്ന് ഹൈക്കമാന്റ് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഞായറാഴ്ച ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക