യുവാവല്ലെന്ന് തോന്നുവര്‍ക്ക് മത്സരരംഗത്ത് നിന്ന് പിന്മാറാം; നിർബന്ധിച്ച് ആരെയും മൽസരിപ്പിക്കാനില്ലെന്നും ഉമ്മൻ ചാണ്ടി

ചൊവ്വ, 22 മാര്‍ച്ച് 2016 (19:43 IST)
കോണ്‍ഗ്രസിലെ ചില നേതാക്കളെ ലക്ഷ്യമാക്കി വി എം സുധീരന്‍, വി എസിനെതിരെ  നടത്തിയ വിമര്‍ശനത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മറുപടി. യുവാവല്ലെന്ന് സ്വയം തോന്നുവര്‍ക്ക് മത്സരരംഗത്ത് നിന്ന് പിന്മാറാമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരഞ്ഞെടുപ്പിൽ ആരെയും നിർബന്ധിപ്പിച്ചു മൽസരിപ്പിക്കാനാകില്ലെന്നും പിന്മാറേണ്ടവർക്കു പിന്മാറാമെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മത്സരിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കേണ്ടത് മത്സരിക്കുന്നവരും പാര്‍ട്ടിയുമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 
അതേസമയം, ടി എന്‍ പ്രതാപനെ  മുൻനിർത്തിയുള്ള കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ നീക്കം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. സുധീരൻ നിലപാടു കടുപ്പിച്ചാൽ ഹൈക്കമാൻഡിനെ സമീപിക്കാനാണ് എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം.
 
സ്ഥാനാര്‍ത്ഥി നിർണയ ചർച്ചകൾ അന്തിമ ഘട്ടത്തിലേക്കു കടക്കവെയാണ് നാലുതവണ ജയിച്ചവർ മാറിനിൽക്കണമെന്ന നിലപാട് വി എം സുധീരൻ ആവര്‍ത്തിച്ചത്. കെ സിജോസഫ്, അടൂർ പ്രകാശ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആര്യാടൻ മുഹമ്മദ് തുടങ്ങി ഇരുഗ്രൂപ്പുകളിലെയും പ്രമുഖരെ ലക്ഷ്യം വച്ചാണ് സുധീരന്‍ നീങ്ങുന്നത്. ടി എൻ പ്രതാപന്റ മൽസര രംഗത്ത് നിന്നുള്ള സ്വയം പിൻമാറ്റവും സുധീരൻ ആയുധമാക്കുമ്പോള്‍, പ്രതാപന്റേത് വ്യക്തിപരമായ തീരുമാനം മാത്രമാണെന്ന നിലപാടിലാണ് എ ഗ്രൂപ്പ് നേതൃത്വം.
 

വെബ്ദുനിയ വായിക്കുക