മൂന്നാര്‍ സര്‍വകക്ഷിയോഗം വിളിച്ചത് ഒരു പാര്‍ട്ടിയെയും അറിയിച്ചിട്ടില്ല; മന്ത്രിയെ ക്ഷണിക്കാത്തതും വലിയ വിവാദമാക്കേണ്ട കാര്യമില്ല: കോടിയേരി

ശനി, 1 ജൂലൈ 2017 (10:24 IST)
മൂന്നാര്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സര്‍വകക്ഷി യോഗം വിളിച്ചത് ഒരു പാര്‍ട്ടിയെയും അറിയിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മറ്റ് പരിപാടികള്‍ ഉളളതിനാലാകും യോഗത്തില്‍ റവന്യുമന്ത്രി പങ്കെടുക്കാത്തതെന്നും അതില്‍ അസ്വാഭാവികതയില്ലെന്നും കോടിയേരി പറഞ്ഞു. 
 
എല്ലാ യോഗത്തിലും എല്ലാ മന്ത്രിമാരും പങ്കെടുക്കണമെന്നില്ല. ഇത് ഒരിക്കലും സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വത്തെ ബാധിക്കില്ല. മന്ത്രിയെ ക്ഷണിച്ചില്ലെന്നത് വലിയ വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നുരാവിലെ 11 മണിക്ക് തിരുവനന്തപുരത്താണ് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം നടക്കുന്നത്. അതേസമയം റവന്യുമന്ത്രി കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കാനായാണ് യാത്ര തിരിച്ചിരിക്കുന്നത്. 
 
റവന്യുമന്ത്രിയെ ഒഴിവാക്കിയായിരുന്നു മൂന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. റവന്യുമന്ത്രിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് യോഗം ബഹിഷ്‌കരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
 

വെബ്ദുനിയ വായിക്കുക