ഡ്രൈഡേ ഒഴിവാക്കി ഉത്തരവായി; ബാറുകള്‍ സജീവമായി

ഞായര്‍, 21 ഡിസം‌ബര്‍ 2014 (10:48 IST)
മദ്യനയത്തില്‍ വരുത്തിയ പുതിയ മാറ്റങ്ങളനുസരിച്ചുള്ള ഭേദഗതി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇന്നു മുതലുള്ള ഞായറാഴ്ചകള്‍ ഡ്രൈ ഡേ അല്ലാത്തതും, ബാറുകളുടെ പ്രവര്‍ത്തനസമയം നിലവിലെ 15 മണിക്കൂറില്‍നിന്ന് 12.30 മണിക്കൂറായി കുറവ് ചെയ്ത് രാവിലെ 9.30 മുതല്‍ രാത്രി 10 വരെയാക്കിയുമാണ് പുതിയ ഭേദഗതി.

ഇന്ന് സര്‍ക്കാര്‍ ഉത്തരവനുസരിച്ച് സംസ്ഥാനത്തെ ബാറുകളും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളും ഇന്ന് തുറക്കും. അതേസമയം, പുതിയ ഉത്തരവനുസരിച്ച് പഞ്ചനക്ഷത്ര ഹോട്ടലൊഴികെ മറ്റ് ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് ഇല്ല. അടച്ചിട്ട 418 ബാറുകളില്‍ ശുചിത്വ പരിശോധനയും നടത്തും.

2014 മാര്‍ച്ച് 31ല്‍ പ്രവര്‍ത്തിച്ചിരുന്ന ഹൈജീനിക് ആയ ബാര്‍ ഹോട്ടലുകള്‍ക്ക് ഓരോ ബാറിലും ഉണ്ടായിരുന്ന എല്ലാ തൊഴിലാളികള്‍ക്കും തൊഴില്‍ നല്‍കണമെന്ന വ്യവസ്ഥയില്‍ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിക്കും. മുമ്പ് ബാര്‍ ലൈസന്‍സ് ഉണ്ടായിരുന്നതുകൊണ്ട് നിലവില്‍ അനുവദിക്കുന്ന എഫ്എല്‍ 11 ലൈസന്‍സുകള്‍ ബാര്‍ ലൈസന്‍സിന്റെ തുടര്‍ച്ചയായി കണക്കിലെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.

ഡ്രൈ ഡേ പിന്‍ വലിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ബാറുകളും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളും രാവിലെ തന്നെ തുറന്നു. ബിവറേജുകള്‍ക്ക് മുന്നില്‍ പതിവ് പോലെ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. അതുപോലെ തന്നെ 9.30ഓടെ എല്ലാ ബാറുകളും തുറന്നു. ബാറുകള്‍ തുറന്നതോടെ ഇവിടെയും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക