മദനിക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍

ഞായര്‍, 26 ജനുവരി 2014 (17:37 IST)
PRO
PRO
മദനിക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെടും. ചികിത്സയുടെ പേരില്‍ ജാമ്യം നല്‍കരുതെന്നും കര്‍ണ്ണാട സര്‍ക്കാര്‍ ആവശ്യപ്പെടും. മദനിയെ ചികിത്സിച്ച മണിപ്പാല്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ച എല്ലാ ചികിത്സാ സഹായങ്ങളും ജയിലില്‍ തന്നെ മദനിക്ക് ലഭ്യമാക്കുന്നുണ്ടെന്നും സുപ്രീംകോടതിയെ അറിയിക്കും. അടുത്ത ചൊവ്വാഴ്ചയാണ് മദനിയുടെ ജാമ്യം സംബന്ധിച്ച് സുപ്രീം കോടതിയില്‍ വാദം നടക്കുക.

നേരത്തെ ചികിത്സക്കായി ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് മദനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കോടതിയുടെ നിര്‍ദേശപ്രകാരം ആശുപത്രിയിലേക്ക് മാറ്റിയ തന്നെ ചികിത്സ പൂര്‍ത്തിയാകും മുന്‍പ് കര്‍ണാടക സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വം ജയിലിലേക്ക് തിരികെ കൊണ്ടുവന്നതായി ജാമ്യഹര്‍ജിയില്‍ മദനി പറയുന്നു.

ചികിത്സയ്ക്കായി ജാമ്യം നല്‍കണമെന്ന് മദനി മുന്‍പും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കോടതിയാണ് മദനിയെ സര്‍ക്കാര്‍ ചെലവില്‍ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്. എന്നാല്‍ നാല് ദിവസം മാത്രമാണ് ആശുപത്രിയില്‍ തങ്ങാന്‍ അനുവദിച്ചതെന്നും നിര്‍ബന്ധിച്ച് ജയിലേക്ക് മാറ്റിയെന്നുമാണ് മദനിയുടെ പരാതി. കണ്ണിന് കാഴ്ച നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ഗോഖലെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചികിത്സ നല്‍കാന്‍ ഉത്തരവിട്ടിരുന്നത്.

വെബ്ദുനിയ വായിക്കുക