കോയമ്പത്തൂര്‍ സ്‌ഫോടനത്തെക്കുറിച്ച് മദനിക്കറിയാമായിരുന്നു എന്ന് കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ പിടിയിലായ അബ്‌ദുള്‍ ഹാലിം പൊലീസിന് മൊഴി നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. ഹാലിം പൊലീസിന് നല്‍കിയ മൊഴിയുടെ പകര്‍പ്പ് ലഭിച്ചുവെന്ന് അവകാശപ്പെട്ട ഒരു സ്വകാര്യ വാര്‍ത്താ ചാനലാണ് ഇക്കാര്യം പുറത്തുവിട്ടത്.
കോയമ്പത്തൂരിലേത് നമ്മുടെ ടീമിന്റെ പണിയാണെന്ന് മദനി പറഞ്ഞതായി ഹാലിം പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കോയമ്പത്തൂരിലെ പ്രശ്നങ്ങള്‍ക്ക് വേണ്ടുന്ന പണി നമ്മള്‍ കൊടുക്കുന്നുണ്ടെന്ന് മദനി പറഞ്ഞതായും ഹാലിം മൊഴി സൂചന. ബോംബ് നിര്‍മിക്കാന്‍ താന്‍ പഠിച്ചത് മദനിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നും പൊലീസിനോട് പറഞ്ഞു.
ജൂലൈ 22ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി ഷൗക്കത്തലിക്ക് നല്‍കിയ 10 പേജ് വരുന്ന മൊഴിയുടെ പകര്‍പ്പാണ് ചാനല്‍ പുറത്തുവിട്ടത്. കോയമ്പത്തൂര്‍ സ്ഫോടനത്തിന് മുന്‍പായി കോഴിക്കോടും കൊല്ലത്തുംവച്ച് താന്‍ മദനിയെ കണ്ടിരുന്നുവെന്നും കോയമ്പത്തൂരിലെ സ്ഫോടനത്തെക്കുറിച്ച് മദനി വെളിപ്പെയുത്തിയെന്നുമാണ് ഹാലിം മൊഴി നല്‍കിയിരിക്കുന്നത്. സ്ഫോടനം നടന്നു കഴിഞ്ഞപ്പോള്‍ അത് നമ്മുടെ ടീമിന്റെ പണിയാണെന്ന് മദനി പറഞ്ഞിരുന്നതായും ഇയാള്‍ പറഞ്ഞു.
ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ ഉള്‍പ്പെട്ട സൈനുദ്ദീന്‍ എന്ന സത്താര്‍ ഭായിയെ മദനിയാണ് പരിചയപ്പെടുത്തിയത്. സൈനുദ്ദീനെ കോട്ടയ്ക്കലില്‍ പോയി കാണണമെന്നും അദ്ദേഹം കാണിച്ചുതരുന്നത് പഠിക്കണമെന്നും മദനി നിര്‍ദ്ദേശിച്ചു. അതനുസരിച്ച് കോട്ടയ്ക്കലില്‍ പോയി സൈനുദ്ദീനെ കാണുകയും ബോംബുണ്ടാക്കുന്നതും ടൈമറും മറ്റും ഘടിപ്പിക്കുന്നതും പഠിക്കുകയും ചെയ്തുവെന്നാണ് ഹാലിമിന്‍റെ വെളിപ്പെടുത്തല്‍.