ബി ജെ പി സ്ഥാനാർഥി പ്രഖ്യാപനം മാറ്റിവച്ചു; സാമൂഹിക മേഖലയിലെ പ്രശസ്തരെ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര നേതൃത്വം

വ്യാഴം, 17 മാര്‍ച്ച് 2016 (18:56 IST)
നിയമസഭ തിരഞ്ഞെടുപ്പിലെ ബി ജെ പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നത് മാറ്റിവച്ചു. പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ കേന്ദ്ര നേതൃത്വം അതൃപ്തി അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രഖ്യാപനം മാറ്റിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഭാഗീകമായി പട്ടിക പ്രഖ്യാപിക്കുന്നതിന് പകരം ബംഗാളിലേതുപോലെ സ്ഥാനാർഥികളെ പൂർണമായി പ്രഖ്യാപിക്കണമെന്ന നിർദേശമാണ് പ്രധാനമായും സംസ്ഥാന നേതൃത്വത്തോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയായി രാഷ്ട്രീയക്കാരെ മാത്രം പരിഗണിക്കുന്നതിനു പകരം സാമൂഹിക മേഖലയിലെ പ്രശസ്തരെ ഉൾപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
 
കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തേക്കുറിച്ചും മുന്നണി ചര്‍ച്ചകളേക്കുറിച്ചും സംസ്ഥാന നേതാക്കള്‍ പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ, സംസ്ഥാനത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നഡ്ഢ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, മുൻ അധ്യക്ഷരായ പി കെ കൃഷ്ണദാസ്, വി മുരളീധരൻ, ജനറൽ സെക്രട്ടറി ഉമാകാന്തൻ എന്നിവരാണ് ചർച്ച നടത്തിയത്.
 

വെബ്ദുനിയ വായിക്കുക