ബിജുവിന്റെ ആദ്യഭാര്യ രശ്മിയുടെ കൊലപാതകം: ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2013 (17:02 IST)
PRO
PRO
സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ആദ്യഭാര്യ രശ്മിയുടെ കൊലപാതകത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലം കൊട്ടാരക്കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സോളാര്‍ തട്ടിപ്പ് കേസില്‍ പിടിയിലായ സരിത എസ് നായര്‍ ഉള്‍പ്പെടെ നൂറുക്കണക്കിന് സാക്ഷികളുടെ മൊഴിയുടേയും ശാസ്ത്രീയമായ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. രശ്മി കൊല്ലപ്പെട്ട് ഏഴ് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

മൂന്നു വര്‍ഷത്തിലധികം കാലം ഒരുമിച്ച് താമസിച്ചിട്ടും രശ്മിയെ വിവാഹം കഴിക്കാതെ ഇരുന്നത് ചതിക്കുക എന്ന ലക്ഷ്യത്തോടെയാണ്. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ച ദിവസാണ് മരണം നടന്നത്. ബിജുവും അമ്മ രാജമ്മാളും തന്നെ കൊല്ലുമെന്ന് രശ്മി പോലീസിന് നല്‍കിയ പരാതികളും രശ്മിക്ക് ബലം പ്രയോഗിച്ച് മദ്യം നല്‍കിയ ശേഷം വലിച്ചിഴച്ച് കുളിമുറിയിലേക്ക് കൊണ്ടുപോകുന്നത് നേരില്‍ കണ്ട മൂത്ത മകന്റെ മൊഴിയും ശക്തമായ തെളിവായി 506 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകം, ഭാര്യാപീഡനം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയവയാണ് ബിജുവിനെതിരായ കുറ്റങ്ങള്‍.

രശ്മിക്ക് അമിത തോതില്‍ മദ്യം നല്‍കിയ ശേഷം ശ്വാസംമുട്ടിച്ച് കൊലപെടുത്തുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. രശ്മിയെ കൊലപ്പെടുത്തുകയായിരുന്നു എന്നതിന് ശക്തമായ തെളിവുകളാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നത്. വെള്ളം ചേര്‍ക്കാതെ മദ്യം ഉള്ളില്‍ ചെന്നതായി രാസപരിശോധനാ ഫലം വ്യക്തമാക്കുന്നു.

ബിജുവിന് പുറമെ അമ്മ രാജമ്മാളും കേസില്‍ പ്രതിയാണ്. എന്നാല്‍ രാജമ്മാളിന് കൊലപതാകത്തില്‍ നേരിട്ട് പങ്കില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. സോളാര്‍ വിവാദത്തില്‍ ബിജു രാധാകൃഷ്ണന്റെ അറസ്‌റ്റോടെയാണ് രശ്മിയുടെ കൊലപാതക കേസ് വീണ്ടും സജീവമായത്. രണ്ടരമാസത്തെ അന്വേഷണത്തിന് ശേഷമാണ് കൊല്ലം ക്രൈബ്രാഞ്ച് ഡിവൈഎസ്പി സിജി സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക