പ്രമുഖ താരങ്ങള്‍ക്ക് നികുതി അടയ്ക്കാന്‍ മടി; കടുത്ത നടപടിക്കൊരുങ്ങി നികുതി വകുപ്പ്
തിങ്കള്‍, 31 മാര്‍ച്ച് 2014 (15:03 IST)
PRO
PRO
പ്രമുഖ സിനിമ- സീരിയല്‍ താരങ്ങള്‍ക്ക് സേവന നികുതി അടയ്ക്കാന്‍ മടി. മിക്കവരും നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതായി കസ്‌റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് വകുപ്പ് അധികൃതര്‍ കണ്ടെത്തി. അറസ്‌റ്റ് വരെ ചെയ്യാന്‍ വകുപ്പുള്ള കുറ്റമാണിത്. എന്നാല്‍ ഇവരുടെ സ്വാധീനം മൂലം ഇത്തരം നടപടികള്‍ ഉണ്ടാവാറില്ല. കല്യാണ ഹാള്‍ ഉടമകള്‍, കെട്ടിടനിര്‍മാണ ബിസിനസുകാര്‍, ബ്യൂട്ടീഷ്യന്മാര്‍ തുടങ്ങിയവരും സ്‌ഥിരമായി സേവന നികുതി വെട്ടിക്കുന്നവരാണെന്ന് വകുപ്പിന്റെ സര്‍വൈലന്‍സ് ഇന്റലിജന്‍സ് ആന്‍ഡ് വിജിലന്‍സ്(എസ്‌ഐവി) കണ്ടെത്തി. അതുകൊണ്ട് കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് നികുതി വകുപ്പിന്റെ നീക്കം.
പല പ്രമുഖരും പ്രതിഫല തുക കുറച്ചുകാണിച്ചും വിതരണാവകാശം സ്വന്തമാക്കിയുമാണ് തട്ടിപ്പ് നടത്തുന്നത്. ഒരു നടന്റെ ഭാര്യയുടെ ഉടമസ്‌ഥതയിലുള്ള സിനിമാ വിതരണകമ്പനിയില്‍ അടുത്തിടെ റെയ്‌ഡ് നടത്തി ധാരാളം രേഖ പിടിച്ചെടുത്തിരുന്നു. ഒരു ടെലിവിഷന്‍ ചാനല്‍ നടത്തിയ മെഗാ ഷോവില്‍ നിന്ന് സേവന നികുതി അടയ്‌ക്കാതിരുന്നതിന് അഭിനേതാക്കളുടെ സംഘടനയ്‌ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ചിട്ടിനടത്തിപ്പുകാര്‍ വിവിധ കോണ്‍ട്രാക്‌ടര്‍മാര്‍ , ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിട ഉടമകള്‍, കേറ്ററിംഗ് സര്‍വീസ് ഉടമകള്‍ തുടങ്ങിയവരും സേവന നികുതി അടയ്‌ക്കുന്നില്ല.
ആദായ നികുതി, വാണിജ്യ നികുതി വകുപ്പുകള്‍, എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് തുടങ്ങിയവരുമായി ചേര്‍ന്നാണ് വിവരങ്ങള്‍ സമാഹരിച്ചത്. യഥാക്രമം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളില്‍ നിന്നുള്ള നികുതി കുടിശിക 33 കോടി, 22 കോടി, 28 കോടി രൂപ എന്നിങ്ങനെയാണ്. മൂന്നിടത്തും യഥാക്രമം 47, 80, 98 കേസുകള്‍ വീതവും രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. നികുതി വെട്ടിച്ചതിന് ഒരു സ്വകാര്യ സെക്യൂരിറ്റി ഏജന്‍സി ഉടമയും നിര്‍മാണ ബിസിനസുകാരനും അറസ്‌റ്റിലായി.
സേവന നികുതിയില്‍ 12 ശതമാനമെങ്കിലും വെട്ടിക്കുന്നതുകൊണ്ട് സംസ്‌ഥാനത്ത് വന്‍തോതിലുള്ള കള്ളപ്പണം ശേഖരിക്കപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ഇതു പിന്നീട് ഹവാലാപ്പണമായി തിരിച്ചു കേരളത്തില്‍ തന്നെ എത്തുന്നുണ്ട്. പരമ്പരാഗതമല്ലാത്ത എല്ലാ കലാരൂപങ്ങളെയും സര്‍ക്കാര്‍ സേവന നികുതിയുടെ പരിധിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഇങ്ങനെയാണ് അഭിനേതാക്കള്‍ നികുതിയില്‍നിന്ന് ഒഴിവാകുന്നത്.