പ്രതിപക്ഷം പ്രശ്നം സങ്കീര്‍ണമാക്കുന്നു; ബജറ്റ് ഗവര്‍ണര്‍ അംഗീകരിച്ചതെന്നും മുഖ്യമന്ത്രി

തിങ്കള്‍, 23 മാര്‍ച്ച് 2015 (10:23 IST)
പ്രതിപക്ഷം പ്രശ്നം സങ്കീര്‍ണമാക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സഭ നടത്താന്‍ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയുടെ മീഡിയ റൂമില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാസമ്മേളന കാലയളവ് വെട്ടിച്ചുരുക്കി അനിശ്ചിതകാലത്തേക്ക് സഭ പിരിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം.
 
നിയമസഭയില്‍ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള വനിത എം എല്‍ എമാരുടെ പരാതി വിശ്വസനീയമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വനിതകളുടെ വിഷയം എന്തുകൊണ്ട് ആദ്യം പറഞ്ഞില്ലെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇത്രയധികം ആളുകള്‍ കൂടി നില്ക്കുന്നിടത്ത് ദു:സൂചനയോടെ ആരും ഒന്നും ചെയ്യില്ല. 
 
വനിതകളെ സമരത്തിന്റെ മുന്നണിയിലേക്ക് എന്തിനാണ് പ്രതിപക്ഷം അയച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു. തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ്. സസ്പെന്‍ഷനിലായവര്‍ ചെയ്ത തെറ്റ് ലോകം മുഴുവന്‍ കണ്ടതാണ്. ആടിനെ പട്ടിയാക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇല്ലാത്ത സംഗതി പറഞ്ഞ് വനിത എം എല്‍ എമാരെ അപമാനിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
പ്രതിരോധത്തിന്റെ ഭാഗമാണ് വനിത എം എല്‍ എമാര്‍ക്കെതിരെയുള്ള പരാതി. ഫോട്ടോയുമായി വന്നവര്‍ എന്തുകൊണ്ട് വീഡിയോ നോക്കാന്‍ തയ്യാറാകുന്നില്ല. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന് ആത്മവിശ്വാസക്കുറവ് ഉണ്ട്. വനിത എം എല്‍ എമാരുടെ പരാതി ആരും വിശ്വസിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 
 
ഒരുമിച്ചിരുന്ന് വീഡിയോ ദൃശ്യങ്ങള്‍ കാണാമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും പ്രതിപക്ഷം അതിനോട് യോജിച്ചില്ല. ഒരു വിധത്തിലും ഭരണകക്ഷിക്ക് അംഗീകരിക്കാന്‍ പറ്റാത്ത വാദഗതികള്‍ ആണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ബജറ്റ് അവതരിപ്പിച്ചത് നിയമാനുസൃതമാണെന്ന് ഗവര്‍ണര്‍ പറഞ്ഞിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
 
നിയമസഭ സമ്മേളനം നടത്തിക്കൊണ്ടു പോകാന്‍ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ല. അത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. 
നിയമസഭ നിര്‍ത്തേണ്ടി വന്നതില്‍ അങ്ങേയറ്റത്തെ നിരാശയും വേദനയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വെബ്ദുനിയ വായിക്കുക