പെരുമ്പാവൂര്‍ കൊലപാതകം: സഹോദരി ദീപയെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു

ചൊവ്വ, 10 മെയ് 2016 (20:02 IST)
പെരുമ്പാവൂരിലെ കുറുപ്പുംപടിയില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരി ദീപയെ പൊലീസ് ഇന്ന് നാല് മണിക്കൂറോളം ചോദ്യം ചെയ്തു. ഡി വൈ എസ് പി ബിജോ അലക്‌സാണ്ടറാണ് ദീപയെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തി നാല് മണിക്കൂര്‍ ചോദ്യം ചെയ്തത്. 
 
കൊലപാതകം നടന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തില്‍ സമീപവാസികളുടെ മുഴുവന്‍ വിരലടയാളവും പൊലീസ് ശേഖരിച്ചു. 800 പുരുഷന്‍മാരുടെ വിരലടയാളമാണ് പൊലീസ് ശേഖരിച്ചത്. ഇതുവരെ ലഭിക്കാത്ത മറ്റുള്ളവരുടെ വിരലടയാളം ആധാര്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 
 
നിലവില്‍ ശേഖരിച്ച വിരലടയാളങ്ങളില്‍ ഏതെങ്കിലും ജിഷയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ വിരലടയാളവുമായി സാമ്യമുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. ദീപയുടെ സുഹൃത്തായ ബംഗാളി യുവാവും ജിഷയെ നൃത്തം പഠിപ്പിച്ച യുവാവുമാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ ഉള്ളത്. ജിഷ കൊലക്കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദളിത് കോര്‍ഡിനേഷന്‍ കമ്മിറ്റി ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികമായിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക