പീഡനം: പ്രധാനാദ്ധ്യാപകനെ പുറത്താക്കി

ഞായര്‍, 25 ഓഗസ്റ്റ് 2013 (14:40 IST)
PRO
സ്കൂളിലെ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിനു വിധേയമാക്കിയ സ്കൂള്‍ പ്രധാനാദ്ധ്യാപകനെ പുറത്താക്കി. തെന്നൂര്‍ ജവഹര്‍ എല്‍.പി.സ്കൂള്‍ ഹെഡ്മാസ്റ്റര്‍ വി.രത്നാകരന്‍ പിള്ളയെയാണ്‌ ഇതിനോട് അനുബന്ധിച്ച് പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്‍റ് പി.വത്സല സസ്പെന്‍ഡ് ചെയ്തത്.

വെള്ളിയാഴ്ച സ്ഥലത്തെ സമഖ്യ സൊസൈറ്റി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നടത്തിയ കൌണ്‍സിലിംഗിലാണ്‌ ഹെഡ്മാസ്റ്ററെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിയിലായത്. രത്നാകരന്‍ പിള്ളയ്ക്കെതിരെ നിരവധി കുട്ടികളാണ്‌ പരാതി ഉന്നയിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ്‌ കൌണ്‍സിലിംഗ് നടത്താന്‍ തീരുമാനിച്ചത്.

കൌണ്‍സിലിംഗ് നടത്തിയാല്‍ തന്‍റെ ചെയ്തികള്‍ പുറത്താവുമെന്ന് ഭയന്ന് ഇദ്ദേഹം കൌണ്‍സിലിംഗിന്‌ എതിരായിരുന്നു. കൌണ്‍സിലിംഗ് നടക്കുമെന്ന് ഉറപ്പായതോടെ ഇയാള്‍ രണ്ട് ദിവസം മുമ്പ് തന്നെ മുങ്ങിയിരുന്നു. വിവരം അറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്‍റ്, എ.ഇ.ഒ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇത് സംബന്ധിച്ച ചര്‍ച്ച നടത്തിയ ശേഷമാണ്‌ ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

കൌണ്‍സിലിംഗില്‍ രണ്ടാം ക്ലാസുകാരി തന്‍റെ പിതാവ് ലൈംഗികാതിക്രമം നടത്തുന്നുണ്ടെന്ന് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് തെന്നൂര്‍ സ്വദേശിയായ ശിശുപാലന്‍ എന്നയാള്‍ക്കെതിരെ പാലോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക