പിണറായി വന്നു, കൈനിറയെ നല്‍കി മോദി!

ശനി, 28 മെയ് 2016 (13:23 IST)
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാരിന്റെ രണ്ടാംവാർഷികത്തിൽ കേരളത്തിന് സഹായധനത്തിന്റേയും പദ്ധതികളുടേയും നിരവധി വാഗ്ദാനങ്ങല്‍‍. ആയിരം കോടിയുടെ പ്ലാസ്റ്റിക് പാർക്, രാസപദാര്‍ത്ഥവകുപ്പിനു കീഴിൽ കേന്ദ്ര പ്ലാസ്റ്റിക് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയാണ് കേന്ദ്രം കേരളത്തിനായി അനുവദിച്ചത്. ഐ ഐ ടിക്ക് തുല്യമായ സ്ഥാപനമാണ് ഇത്. കൂടാതെ ജനറിക് മരുന്നുകള്‍ 70 ശതമാനം വിലക്കുറവില്‍ ലഭിക്കുന്ന 200 ജൻഔഷധി ഷോപ്പുകളും അനുവധിച്ചിട്ടുണ്ട്. 
 
കേരളത്തില്‍ ഫാർമ പാർക് നൽകാനും തയാറെന്ന് കേന്ദ്രരാസവളം മന്ത്രി അനന്തകുമാർ അറിയിച്ചു. എന്നാല്‍ പദ്ധതികൾക്ക് വേണ്ട സ്ഥലം സംസ്ഥാനം നൽകണമെന്ന് അദ്ദേഹം വ്യക്തമാക്കി. ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ 500 ജനറിക് മരുന്നുകളും 150 ആരോഗ്യ ഉപകരണങ്ങളും ന്യായവിലയ്ക്ക് ലഭിക്കും. സ്‌കില്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ എന്‍ജിനിയര്‍മാരെ സൃഷ്ടിക്കുന്ന സ്ഥാപനമായിരിക്കും കേന്ദ്ര പ്ലാസ്റ്റിക് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട്. പ്ലാസ്റ്റിക് പാര്‍ക്കില്‍ ഇറക്കുമതി ഒഴിവാക്കി പ്ലാസ്റ്റിക് ഉത്പാദിപ്പിക്കും. പ്ലാസ്റ്റിക് വ്യവസായവുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും പ്ലാസ്റ്റിക് പാര്‍ക്ക്.
 
കേരളത്തിലെ ഖര മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണകേന്ദ്രം തുടങ്ങാനും കേന്ദ്രം തയ്യാറാണ്. റവന്യുകമ്മി പരിഹരിക്കാന്‍ 9519 കോടി രൂപ സംസ്ഥാനത്തിന് അനുവദിച്ചിരുന്നു. തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള വിഹിതം 7683 കോടിയായും ദുരന്തനിവാരണ ഫണ്ട് 1022 കോടിയായുമാണ് കേന്ദ്രം അനുവദിച്ചതെന്ന് അനന്ദകുമാര്‍ വ്യക്തമാക്കി. 
 
ജനങ്ങള്‍ക്ക് മുന്നില്‍ പ്രതീക്ഷയുടെ കൊടുമുടികള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാരിനെ താഴെ ഇറക്കി മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിനടക്കം നിരവധി വാഗ്ദാനങ്ങളായിരുന്നു നരേന്ദ്ര മോദി നല്‍കിയിരുന്നത്. സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നതോടെ ഇത്തരം വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക