പിണറായിയുടെ സമരത്തില്‍ ആടിയുലഞ്ഞ് കോണ്‍‌ഗ്രസ്, ഇനി ഇടതിനൊപ്പം കൂടേണ്ടെന്ന് സുധീരനും കൂട്ടരും; ചെന്നിത്തലയും ഉമ്മന്‍‌ചാണ്ടിയും കുരുക്കില്‍ !

ജോണ്‍ കെ ഏലിയാസ്

ശനി, 19 നവം‌ബര്‍ 2016 (11:22 IST)
സഹകരണപ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ആര്‍ ബി ഐക്ക് മുന്നില്‍ വെള്ളിയാഴ്ച നടത്തിയ സമരം വന്‍ വിജയമാകുകയും ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തതില്‍ അസ്വസ്ഥരാണ് സംസ്ഥാന കോണ്‍ഗ്രസിലെ വി എം സുധീരന്‍ വിഭാഗം. വെള്ളിയാഴ്ച രാത്രി തന്നെ തങ്ങളുടെ ഇഷ്ടക്കേട് തുറന്നുപറഞ്ഞ് ടി എന്‍ പ്രതാപന്‍ രംഗത്തെത്തിയിരുന്നു.
 
ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് പ്രക്ഷോഭം നടത്താമെന്നായിരുന്നു പ്രതിപക്ഷനേതാവും ഉമ്മന്‍‌ചാണ്ടിയും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ ധാരണയായിരുന്നത്. എന്നാല്‍ ആ ധാരണയില്‍ നിന്ന് വിഭിന്നമായി പിണറായിയും മന്ത്രിമാരും നടത്തിയ സമരം കോണ്‍ഗ്രസിലെ സുധീരന്‍ വിഭാഗത്തിന് തീരെ ദഹിച്ചിട്ടില്ല.
 
ഇനി ഭരണപക്ഷവുമായി യോജിച്ച് ഒരു പ്രക്ഷോഭത്തിനില്ലെന്ന് സുധീരന്‍ തന്നെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യു ഡി എഫിന്‍റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഭരണസ്വാധീനമുപയോഗിച്ച് എല്‍ ഡി എഫും ശ്രമം നടത്തുന്നുണ്ടെന്നാണ് സുധീരന്‍ ഇതിന് കാരണമായി പറഞ്ഞിട്ടുള്ളത്. എന്നാല്‍ ബി ജെ പിയുടെ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് സമരം ഉടന്‍ ആരംഭിക്കും.
 
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ സമരം ജനപങ്കാളിത്തം കൊണ്ട് വന്‍ വിജയമായിരുന്നു. മാത്രമല്ല, ദേശീയ തലത്തില്‍ തന്നെ പിണറായിയുടെ സമരം ചര്‍ച്ചയായി. ഇതോടെ പ്രതിപക്ഷത്തെ സുധീരന്‍ വിഭാഗം അസ്വസ്ഥരാകുകയായിരുന്നു. സമരത്തിന്‍റെ ക്രെഡിറ്റ് കൊണ്ടുപോകാന്‍ പിണറായിയും കൂട്ടരും ശ്രമം നടത്തുകയായിരുന്നു എന്നാണ് സുധീരന്‍ പക്ഷത്തിന്‍റെ അഭിപ്രായം. യോജിച്ച് പ്രക്ഷോഭത്തിനിറങ്ങിയാല്‍ അതിന്‍റെ ക്രെഡിറ്റും പിണറായി കൊണ്ടുപോകുമോ എന്ന് അവര്‍ ഭയപ്പെടുന്നു.
 
എന്നാല്‍ പ്രതിപക്ഷത്തിന്‍റെ ആരോപണം തെറ്റിദ്ധാരണമൂലമാണെന്നും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സമരം നേരത്തേ തീരുമാനിച്ചിരുന്നതാണെന്നും മേഴ്സിക്കുട്ടിയമ്മ ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ അറിയിച്ചു. അതിനെയും സുധീരന്‍ പക്ഷം ഖണ്ഡിക്കുന്നുണ്ട്. അത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക സമരപരിപാടിയായിരുന്നു എങ്കില്‍ കോടിയേരിയും കാനം രാജേന്ദ്രനും ഉഴവൂര്‍ വിജയനും യെച്ചൂരിയുമൊക്കെ എങ്ങനെ അതില്‍ സംബന്ധിക്കുമെന്നാണ് ടി എന്‍ പ്രതാപന്‍ ചോദിക്കുന്നത്.
 
എന്നാല്‍ സുധീരന്‍ പക്ഷത്തിന്‍റെ ഈ നീക്കത്തോട് അത്ര അനുഭാവമുള്ള നിലപാടല്ല ഉമ്മന്‍‌ചാണ്ടിക്കും ചെന്നിത്തലയ്ക്കുമുള്ളത്. ഇടതിനൊപ്പം യോജിച്ച് സമരം നടത്താമെന്ന് തന്നെയാണ് ചെന്നിത്തലയുടെയും ഉമ്മന്‍‌ചാണ്ടിയുടെയും അഭിപ്രായം. എന്നാല്‍ ഇത് തുറന്നുപ്രകടിപ്പിക്കാന്‍ ഇനി ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ശ്രമിച്ചേക്കില്ല. കെ പി സി സി അധ്യക്ഷന്‍ തീരുമാനം അറിയിച്ചതിന് വിരുദ്ധമായ ഒരു നിലപാടിലേക്ക് അവര്‍ എത്താന്‍ സാധ്യതയില്ല.
 
എങ്കിലും മുഖ്യമന്ത്രിയെ കണ്ട് പിന്തുണ അറിയിച്ചതിന് ശേഷം അതില്‍ നിന്ന് പിന്‍‌മാറേണ്ടിവരുന്നതില്‍ വ്യക്തിപരമായി ഉമ്മന്‍‌ചാണ്ടിക്കും ചെന്നിത്തലയ്ക്കും താല്‍പ്പര്യക്കുറവുണ്ട് എന്നാണ് ലഭിക്കുന്ന സൂചനകള്‍. 

വെബ്ദുനിയ വായിക്കുക