എല്‍ ഡി എഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചടങ്ങിന്റെ പ്രചാരണത്തിന് കോടികള്‍ മുടക്കി പരസ്യം ചെയ്തതിനെ വിമര്‍ശിച്ച് ബി ജെ പി ദേശീയ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്‍. ചെലവ് വെട്ടിചുരുക്കുന്നുവെന്ന് പറഞ്ഞു നാവു വായിലിടുന്നതിനുമുമ്പേ തന്നെ കാലിയായ ഖജനാവില്‍ നിന്ന് കോടികള്‍ എടുത്തു വിതറി വ്യക്തി പൂജ നടത്തുന്ന വിചിത്രമായ കാഴ്ചയാണ് നമ്മള്‍ കണ്ടതെന്ന് കുമ്മനം കുറ്റപ്പെടുത്തി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് കുമ്മനം അഭിപ്രായം രേഖപ്പെടുത്തിയത്.
പിണറായി വിജയന്റെ സത്യപ്രതിജ്ഞയ്ക്ക് ഏവരെയും സ്വാഗതം ചെയ്തു ദേശീയ മാധ്യമങ്ങളിൽ കണ്ട പരസ്യ പൊടിപൂരം പുതിയ സർക്കാർ കേരളത്തിനായി കരുതി വെച്ചിരിക്കുന്നതെന്താണ് എന്നതിലേക്ക് വിരൽ ചൂണ്ടുന്നു. സർക്കാർ വകയിൽ ഈ പരസ്യങ്ങൾ ദേശീയ മാദ്ധ്യമങ്ങളിലും നിറഞ്ഞാടിയപ്പോൾ പിണറായി വിജയൻ കേരളാ മുഖ്യമന്ത്രി ആയിരുന്നില്ല എന്നതാണ് വസ്തുത. അദ്ദേഹം നിയുക്ത മുഖ്യ മന്ത്രി മാത്രമായിരുന്നു. അതായത്, പൊതുഖജനാവിലെ പണം ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രമോഷനു വേണ്ടി ദുർവിനിയോഗം ചെയ്തിരിക്കുന്നു എന്നല്ലേ? അങ്ങനെയെങ്കിൽ ആ പണം സി പി എം സർക്കാർ ഖജനാവിലേക്ക് തിരിച്ചടയ്ക്കേണ്ടതല്ലേ എന്നും കുമ്മനം ചോദിക്കുന്നു.