നീലകണ്‌ഠന്‍റെ സ്ഥലം മാറ്റം: പ്രതിസ്ഥാനത്ത് പിണറായിയും
ചൊവ്വ, 22 സെപ്‌റ്റംബര്‍ 2009 (16:27 IST)
മനുഷ്യാവകാശ പ്രവര്‍ത്തകനും, കെല്‍ട്രോണിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ സി ആര്‍ നീലകണ്ഠനെ സ്ഥലം മാറ്റിയ നടപടിയില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, വ്യവസായ മന്ത്രി എളമരം കരീം, വ്യവസായ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ശശിധരന്‍ നായര്‍ എന്നിവരെ എതിര്‍കക്ഷികളാക്കി കേസ് ഫയല്‍ ചെയ്‌തു.
ആലപ്പുഴ ജില്ലയിലെ അരൂരിലുള്ള കെല്‍ട്രോണ്‍ ഡിവിഷനിലെ ഉദ്യോഗസ്ഥനായ നീലകണ്ഠനെ ഹൈദരാബാദിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവ് പിന്നീട് ഹൈക്കോടതി സ്റ്റേ ചെയ്‌തു.
നീലകണ്ഠനെ സ്ഥലം മാറ്റിയ നടപടി രാഷ്‌ട്രീയ വൈരം തീര്‍ക്കലാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും, അദ്ദേഹം സ്വീകരിച്ചിരുന്ന നിലപാടുകള്‍ക്കും നിരന്തരം നീലകണ്ഠന്‍ പിന്തുണ നല്‍കി വന്നതാണ് അദ്ദേഹത്തെ സ്ഥലം മാറ്റാന്‍ ഔദ്യോഗിക പക്ഷത്തെ പ്രേരിപ്പിച്ചതെന്നായിരുന്നു ആരോപണം.
‘ലാവലിന്‍ രേഖകളിലൂടെ‘ എന്ന പുസ്തകം ഇംഗ്ലീഷിലും മലയാളത്തിലും അദ്ദേഹം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നു. സി പി എം സഹയാത്രികനായിരുന്ന നീലകണ്ഠന്‍ വിഭാഗീയ വഴക്കുകള്‍ക്കിടെ ഔദ്യോഗിക വിഭാഗത്തിന് അപ്രിയനാകുകയായിരുന്നു.