അഴീക്കോട് മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം വി നികേഷ് കുമാറിനെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നതായി സൂചന. സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് നികേഷിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പ്രചാരണം തുടങ്ങിയതോടെ അത്തരം പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി നേതൃത്വം. പാർട്ടി ചിഹ്നത്തിൽ മത്സരിക്കണമെന്നാണ് അഴീക്കോട് മണ്ഡലം കമ്മിറ്റിയിലും ലോക്കൽ കമ്മിറ്റികളിലും ആവശ്യം ഉയര്‍ന്നിരുന്നു.
അഴീക്കോട്ട് മണ്ഡലത്തില്‍ സി പി എം സ്ഥാനാര്‍ത്ഥി മാത്രമേ മത്സരിച്ചിട്ടുള്ളൂ. പാർട്ടി ചിഹ്നത്തിലല്ലാതെ ഇതുവരെയും മത്സരമുണ്ടായിട്ടില്ല. അതുകൊണ്ട് നികേഷും പാർട്ടി ചിഹ്നത്തിൽ മത്സരിക്കണമെന്നാണ് സി പി എം ഘടകങ്ങളുടെ ആവശ്യം. പുതിയ ചിഹ്നം വോട്ടർമാരെ പരിചയപ്പെടുത്തുന്നതടക്കമുള്ള ബുദ്ധിമുട്ടുകളും അവര്‍ നേതാക്കളെ അറിയിച്ചു. നികേഷിനെ പാർട്ടി സ്ഥാനാർത്ഥിയാക്കാന്‍ സംസ്ഥാന നേതൃത്വം ആലോചിച്ചിരുന്നുവെങ്കിലും ജില്ലാ കമ്മറ്റിയുടെ നിദേശത്തേത്തുടര്‍ന്നാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കിയത്. പാര്‍ട്ടി ചിഹനത്തില്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് നേതൃത്വത്തെ നികേഷ് അറിയിച്ചതായാണ് വിവരം.