നടി ആക്രമിക്കപ്പെട്ട കേസ്: ഐജി ദിനേന്ദ്രകശ്യപ് ഒരു പരാതിയും ഉന്നയിച്ചിട്ടില്ല, വിമര്‍ശനങ്ങളൊന്നും കാര്യമാക്കേണ്ടതില്ല - സെന്‍കുമാറിനെ തളളി ബെഹ്‌റ

വെള്ളി, 7 ജൂലൈ 2017 (10:58 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപി ടി‌പി സെന്‍കുമാര്‍ ഉന്നയിച്ച വിമര്‍ശനങ്ങളെ തള്ളി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള എഡിജിപി ബി സന്ധ്യക്ക് നല്‍കിയ കത്തിലാണ് അന്വേഷണം ശരിയായ ദിശയിലാണെന്നും ഇക്കാര്യത്തില്‍ മികച്ച ഏകോപനമാണുള്ളതെന്നു ബെഹ്‌റ വ്യക്തമാക്കിയത്. 
 
ഈ കേസില്‍ ഐജി ദിനേന്ദ്രകശ്യപ് ഒരു പരാതിയും ഇതുവരെയും ഉന്നയിച്ചിട്ടില്ല. അന്വേഷണ പുരോഗതി എല്ലാവരും അറിഞ്ഞിരുന്നതായാണ് മനസിലാക്കുന്നത്. ഇതുവരെയുള്ള അന്വേഷണത്തില്‍ ഒരുതരത്തിലുള്ള പോരായ്മകളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിമര്‍ശനങ്ങള്‍ കാര്യമാക്കേണ്ടതില്ല. ഒറ്റക്കെട്ടായിതന്നെ മുന്നോട്ടുപോകണമെന്നും ബെഹ്‌റ കത്തില്‍ വിശദമാക്കിയതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. 
 
പൊലീസ് മേധാവി സ്ഥാനത്തും നിന്നും വിരമിക്കുന്നതിന് തൊട്ടു മുമ്പ് നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം എഡിജിപി ബി.സന്ധ്യ ഒറ്റയ്ക്ക് നടത്തേണ്ടെന്നും കൂട്ടായി വേണമെന്നും വ്യക്തമാക്കി സെന്‍കുമാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെയാണ് സന്ധ്യ ഡിജിപിയായ ബെഹ്‌റയ്ക്ക് കത്തയച്ചത്. ഇതിനുളള മറുപടിയിലാണ് സെന്‍കുമാറിന്റെ ആരോപണങ്ങള്‍ ഡിജിപി ബെഹ്‌റ തള്ളിയത്. 

വെബ്ദുനിയ വായിക്കുക