നടന്നത് രാഷ്ട്രീയ ഗൂഢാലോചന, ചീഫ് സെക്രട്ടറി പറഞ്ഞത് കള്ളം: ഡോ.എ വി ജോര്‍ജ്

തിങ്കള്‍, 12 മെയ് 2014 (16:21 IST)
തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും തനിക്കെതിരെയുള്ള ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്നും പുറത്താക്കപ്പെട്ട എം ജി വൈസ് ചാന്‍സലര്‍ ഡോ.എ വി ജോര്‍ജ്. നടപടിക്കെതിരെ നീതിപീഠത്തെ സമീപിക്കുമെന്നും തനിക്ക് നീതി കിട്ടുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
 
ബയോഡേറ്റയില്‍ തെറ്റായ വിവരം നല്‍കി എന്ന ആരോപണം പൂര്‍ണമായും സത്യവിരുദ്ധമാണ്. ഇതുസംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ കള്ളം പറയുകയാണ്. റിപ്പോര്‍ട്ട് നല്‍കിയത് ചീഫ് സെക്രട്ടറിയാണ് എന്നതുകൊണ്ട് അത് അവിശ്വസിക്കേണ്ടതില്ലെന്ന് ഗവര്‍ണര്‍ തീരുമാനിക്കുകയായിരുന്നു - ഒരു ടി വി ചാനലിനോട് സംസാരിക്കവേ ഡോ.എ വി ജോര്‍ജ് പറഞ്ഞു.
 
ഞാന്‍ ബയോഡേറ്റയില്‍ സത്യമായ വിവരങ്ങള്‍ മാത്രമേ നല്‍കിയിട്ടുള്ളൂ. ചുമതലയേറ്റതിന് പിറ്റേന്നുമുതല്‍ എന്നെ പുറത്താക്കാന്‍ ചിലര്‍ ശ്രമം തുടങ്ങിയിരുന്നു. രാഷ്ട്രീയനീക്കം അതിനുവേണ്ടി നടന്നിട്ടുണ്ട്. രാഷ്ട്രീയഗൂഢാലോചനയുടെ ഫലമാണ് ഇപ്പോഴത്തെ നടപടി. ചീഫ് സെക്രട്ടറിയും ആ രാഷ്ട്രീയഗൂഢാലോചനയുടെ ഭാഗമായി മാറി - എ വി ജോര്‍ജ് ആരോപിച്ചു.
 
ഞാന്‍ സര്‍ക്കാര്‍ ഓര്‍ഡര്‍ പ്രകാരമുള്ള ശമ്പളം കൈപ്പറ്റുന്നതില്‍ എന്തു തെറ്റാണ് ഉള്ളത്? പുതിയ തസ്തികകള്‍ സൃഷ്ടിച്ചത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ എന്‍റെ വ്യക്തിപരമായ കാര്യങ്ങള്‍ക്കുവേണ്ടിയല്ല. സര്‍വകലാശാലയുടെ സുഗമമായ നടത്തിപ്പിനുവേണ്ടിയാണ് അങ്ങനെ ചെയ്തത് - ഡോ.എ വി ജോര്‍ജ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക