ദേശീയ ഗെയിംസ് സമാപനത്തിന് പ്രവേശനം സൗജന്യം : കായികമന്ത്രി

വ്യാഴം, 12 ഫെബ്രുവരി 2015 (18:12 IST)
ദേശീയ ഗെയിംസ് സമാപനസമ്മേളനത്തിന് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25,000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിയാണ് തയ്യാറാക്കിയിരിക്കുന്നത്. ആദ്യം വരുന്നമുറയ്ക്ക് അനുസരിച്ച് സീറ്റ് നല്‍കും. സെക്ടറുകള്‍ തിരിച്ചാണ് ഇരിപ്പിടം തയ്യാറാക്കിയിരിക്കുന്നത്. 
 
ഗവര്‍ണര്‍ക്കായി സജ്ജമാക്കിയിരിക്കുന്ന ഡയസിന്റെ വശത്ത് ജനപ്രതിനിധികള്‍ക്ക് ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. ഗവര്‍ണറുടെ ഡയസിന്റെ വലതുവശത്താണ് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം തയ്യാറാക്കിയിരിക്കുന്നത്. എ-സെക്ടറില്‍ സെക്രട്ടേറിയറ്റ് സ്റ്റാഫുകള്‍ക്കും ബി-സെക്ടറില്‍ പബ്ലിക് ഒഫീഷ്യലുകള്‍ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഇവര്‍ക്ക് ഇരിപ്പിടങ്ങളിലേക്ക് പ്രവേശിക്കാം. മാധ്യമപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്ക് ഉള്‍പ്പെടെ പ്രത്യേക ഇരിപ്പിട സൗകര്യം ഒരുക്കിയിട്ടുണ്ട്.
 
ദേശീയ ഗെയിംസിന്റെ സംഘാടനത്തിന്റെ എല്ലാ സൂക്ഷ്മമായ വശങ്ങളിലും കൃത്യത ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മത്സരങ്ങള്‍ സാങ്കേതിക പിഴവുകളില്ലാതെയും സമയക്രമം പാലിച്ചും നടത്താനായിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ടെക്‌നിക്കല്‍ കമ്മിറ്റി പ്രശംസ അറിയിച്ചിട്ടുണ്ട്. ഗെയിംസ് നടത്തിപ്പിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ അഭിനന്ദനം ലഭിച്ചതും അഭിമാനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക