ദേശീയ ഗെയിംസ് നടത്തിപ്പ് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ തനിയാവര്‍ത്തനം: വി മുരളീധരന്‍

ചൊവ്വ, 27 ജനുവരി 2015 (13:43 IST)
സംസ്ഥാനത്തിന്റെ ദേശീയ മേഖലയ്ക്ക് കരുത്താകേണ്ടിയിരുന്ന ദേശീയ ഗെയിംസ് ഇപ്പോള്‍ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ തനിയാവര്‍ത്തനമായി മാറിയിരിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍‍. കേരളത്തിന് അഭിമാനമാകേണ്ടിയിരുന്ന ദേശീയ ഗെയിംസ് സംഘാടനത്തിലെ പരാജയവും അഴിമതിയും മൂലം കേരളത്തിന് അപമാനമായി മാറുകയാണെന്നും മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു.
 
ദേശീയ ഗെയിംസില്‍ നടന്നിട്ടുള്ള അഴിമതിയും കെടുകാര്യസ്ഥതയും കാരണമാണ് ഉത്ഘാടന, സമാപന ചടങ്ങുകള്‍ക്ക് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും അടക്കമുള്ളവര്‍ എത്താതിരിക്കുന്നതെന്ന് വി മുരളീധരന്‍ പറഞ്ഞു. ദേശീയ ഗെയിംസിന്റെ പ്രധാനവേദിയായ കഴക്കൂട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഗെയിംസ് വില്ലേജുമെല്ലാം ഗെയിംസ് നടത്താന്‍ തയ്യാറായിക്കഴിഞ്ഞു എന്ന സര്‍ക്കാരിന്റെ വാദം ജനങ്ങളെ വിഡ്‌ഢികളാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
 
പണി പൂര്‍ത്തിയാകാതെ തട്ടിക്കൂട്ടി ഉത്ഘാടനം നടത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഗെയിംസ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഒരു സ്റ്റേഡിയം പോലും പൂര്‍ണമായി പണി തീര്‍ന്നിട്ടില്ല. മത്സരത്തിനായുള്ള ഉപകരണങ്ങള്‍ ഒന്നും ഇനിയും എത്തിച്ചേരുകയോ പകരം സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ല. വിദേശത്തു നിന്നു കൊണ്ടുവരാന്‍ നേരത്തെ ഓര്‍ഡര്‍ നല്കിയെന്നു പറയുന്ന ഉപകരണങ്ങള്‍ എത്താത്തത് എന്താണെന്ന് അധികൃതര്‍ക്കു പോലും അറിയാത്ത സ്ഥിതിയാണുള്ളത്.
 
ഒരു ദേശീയ ഗെയിംസ് കഴിയുമ്പോള്‍ അതു നടക്കുന്ന സംസ്ഥാനത്തെ കായികമേഖലയ്ക്ക് വലിയ ഉണര്‍വും ആവേശവും ഉണ്ടാകേണ്ടതാണ്. ആധുനിക നിലവാരമുള്ള സ്റ്റേഡിയങ്ങളും കളി ഉപകരണങ്ങളുമെല്ലാം സംസ്ഥാനത്തിന്റെ കായികമേഖലയുടെ മുന്നേറ്റത്തിനു മുതല്‍ കൂട്ടാകുമായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ലക്‌ഷ്യം ദേശീയ ഗെയിംസിലൂടെ കോടികളുടെ അഴിമതി നടത്തുക എന്നതായപ്പോള്‍ ദേശീയഗെയിംസ് നടത്തിപ്പു കൊണ്ട് കേരളത്തിന് ഒരു പ്രയോജനവും ഇല്ലാതായി.
 
ഗെയിംസ് വില്ലേജിന്റെ നിര്‍മ്മാണവും അശാസ്ത്രീയമായാണ് നടക്കുന്നത്. യാതൊരു സൌകര്യങ്ങളുമില്ലാത്ത താമസസ്ഥലങ്ങളില്‍ ആര്‍ക്കും വസിക്കാന്‍ കഴിയില്ലെന്നത് സര്‍ക്കാരിനുമറിയാം. ഗെയിംസിനു ശേഷം ഈ വില്ലകള്‍ എന്തു ചെയ്യുമെന്നോ ഏതു തരത്തില്‍ ഉപയോഗപ്പെടുത്തുമെന്നോ അറിയില്ല. ഒമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ദേശീയഗെയിംസ് കേരളത്തില്‍ നടത്താന്‍ തീരുമാനിച്ചത്. മൂന്നുതവണ തീയതി നീട്ടിയിട്ടു പോലും ശരിയായ വിധത്തില്‍ തയ്യാറെടുപ്പു നടത്താനോ സൌകര്യങ്ങളൊരുക്കാനോ സര്‍ക്കാരിനായില്ല. കേന്ദ്രം അനുവദിച്ച പണം തോന്നിയതു പോലെ ഉപയോഗിച്ച്, കമ്മിറ്റികളില്‍ ഇഷ്‌ടക്കാരെ തിരുകിക്കയറ്റി വന്‍ അഴിമതിക്കുള്ള അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
 
ഇടതുപക്ഷം ദേശീയ ഗെയിംസിലെ അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണ്. ഇടതു സര്‍ക്കാരിന്റെ കാലത്താണ് ഗെയിംസിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചത്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. ആദ്യം ചെറിയ എതിര്‍പ്പുമായി രംഗത്തു വന്നവര്‍ പ്രലോഭനത്തിനു വഴങ്ങി സര്‍ക്കാരിനൊപ്പം കൂടിയിരിക്കുകയാണ്. സാധാരണ ദീപശിഖാറാലി നടത്തുന്നത് കായികപ്രതിഭകളാണ്. ചരിത്രത്തിലാദ്യമായാണ് രണ്ട് എം എല്‍ എമാര്‍ ദീപശിഖാറാലി നടത്തുന്നത്. ഇടത് എം എല്‍ എ രാജേഷും കോണ്‍ഗ്രസ് എം എല്‍ എ വിഷ്ണുനാഥുമാണ് റാലി നടത്തുന്നത്.
 
ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് കഴിഞ്ഞപ്പോള്‍ അവിടത്തെ മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനുണ്ടായ ദുരനുഭവമാണ് ഇവിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും കാത്തിരിക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു. ദേശീയഗെയിംസുമായി ബന്ധപ്പെട്ടു നടന്ന അഴിമതികള്‍ സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
ദേശീയഗെയിംസ് നടത്താന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുന്ന സ്റ്റേഡിയങ്ങളും ഗെയിംസ് വില്ലേജും വി മുരളീധരന്റെ നേതൃത്വത്തിലുള്ള ബി ജെ പി സംഘം സന്ദര്‍ശിച്ചു. വക്താവ് വി വി രാജേഷ്, ജില്ല പ്രസിഡന്റ് അഡ്വ എസ് സുരേഷ്, സ്പോര്‍ട്സ് സെല്‍ കണ്‍വീനര്‍ വി സി അഖിലേഷ്, കരമന ജയന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക