തൂത്തന്‍പാറ എസ്റ്റേറ്റ്: പോബ്സന്റെ അപ്പീല്‍ തള്ളി
ശനി, 26 ജൂണ്‍ 2010 (16:35 IST)
നെല്ലിയാംപതിയിലെ തൂത്തന്‍പാറ എസ്റ്റേറ്റ് വനംവകുപ്പ് ഏറ്റെടുത്തതിനെതിരെ പോബ്സണ്‍ ഗ്രൂപ്പ് നല്‍കിയ അപ്പീല്‍ പാലക്കാട് ജില്ലാ കോടതി തള്ളി. 99 വര്‍ഷത്തെ പാട്ടത്തിനാണ് പോബ്‌സണ്‍ ഗ്രൂപ്പിന് തൂത്തമ്പാറയിലെ 351 ഏക്കര്‍ സ്ഥലം നല്‍കിയിരുന്നത്. പാട്ടക്കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് വനംവകുപ്പ് എസ്റ്റേറ്റ് ഏറ്റെടുക്കുകയായിരുന്നു.
ഭൂമികൈവശാവകാശ നിയമപ്രകാരം എസ്റ്റേറ്റില്‍ തങ്ങള്‍ക്കാണ് അധികാരമെന്നാണ് പോബ്സണ്‍ ഗ്രൂപ്പ് വാദിച്ചു. എന്നാല്‍ ഇത് പൂര്‍ണമായി നിക്ഷിപ്ത വനഭൂമിയാണെന്ന വനംവകുപ്പിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 351 ഏക്കറില്‍ പ്രധാനമായും കാപ്പി, ഏലം എന്നിവയാണ് തൂത്തന്‍പാറയില്‍ കൃഷി ചെയ്തിരുന്നത്. പാട്ടക്കാലവധി പൂര്‍ത്തിയാക്കിയ ഭൂമി വേണമെങ്കില്‍ ബലപ്രയോഗത്തോടെ തന്നെ ഏറ്റെടുക്കാമെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി തള്ളിയത്.
ജില്ലാ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകാനാണ് പോബ്സന്റെ നീക്കം. ജഡ്ജി ടിവി മമ്മൂട്ടിയാണ് വിധി പ്രസ്താവിച്ചത്. എസ്റ്റേറ്റ് പോബ്സണ്‍ ഗ്രൂപ്പിനു തിരിച്ചു നല്‍കേണ്ടെന്ന് ഇടതുമുന്നണി യോഗവും സംസ്ഥാന സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈ 18നാണ് തൂത്തംപാറ എസ്റ്റേറ്റ് പോബ്സണ്‍ ഗ്രൂപ്പില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്തത്.