തനിക്ക് ശൈലി മാറ്റാനാകില്ല, പാർട്ടി ശാസന ഉൾക്കൊള്ളുന്നു: എം എം മണി

വെള്ളി, 28 ഏപ്രില്‍ 2017 (10:18 IST)
മുന്നാറില്‍ സമരം നടത്തിയ തോട്ടംതൊഴിലാളി സ്ത്രീകളെക്കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തിയതിനെതിരെ പാർട്ടി നൽകിയ പരസ്യമായ ശാസനയെന്ന നടപടി ഉൾക്കൊള്ളുന്നതായി മന്ത്രി എം എം മണി. തന്റെ ശൈലി മാറ്റാന്‍ പ്രയാസമാണെന്നും താൻ ഇതുവരെ പിന്തുടർന്ന ശൈലിയാണ് അതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി എന്ത് പറഞ്ഞാലും താന്‍ അനുസരിക്കും. സ്ത്രീവിരുദ്ധ പരാമർശം നടത്തിയതായി പാർട്ടി വിലയിരുത്തിയിട്ടില്ലെന്നും എന്നാൽ വിവാദത്തിന് കാരണക്കാരൻ ആയതുകൊണ്ടാണ് പാര്‍ട്ടി തനിക്കെതിരെ ഇത്തരത്തില്‍ ഒരു നടപടി സ്വീകരിച്ചതെന്നും മണി വ്യക്തമാക്കി.
 
തോട്ടംതൊഴിലാളി സ്ത്രീകളെക്കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിയെ പരസ്യമായി ശാസിക്കാൻ സിപിഎം സംസ്ഥാന സമിതിയോഗം തീരുമാനിച്ചിരുന്നു. മണിക്കെതിരെ നടപടി വേണം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായിരുന്നു. ഇതിന് പുറമേയാണ് മണിയെ പരസ്യമായി ശാസിക്കാൻ തീരുമാനിച്ചത്. സെക്രട്ടറിയേറ്റ് യോഗത്തിൽ മണിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് സംസാരിച്ചത്.
 

വെബ്ദുനിയ വായിക്കുക