നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന് നോട്ടീസ്. ദിലീപിന്റെ സ്വന്തം കമ്പനിയായ ഡി സിനിമാസിന്റെ ഭൂമി വിവാദത്തെ തുടര്‍ന്നാണ് നോട്ടീസ്. പുറമ്പോക്ക് ഭൂമി കയ്യേറിയാണ് ഡി സിനിമാസ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കയ്യേറ്റ ഭൂമി സര്‍ക്കാര്‍ അളന്ന് തിട്ടപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് അടക്കം ഏഴുപേര്‍ക്ക് തൃശൂര്‍ ജില്ലാ സര്‍വെ സൂപ്രണ്ട് ഇക്കാര്യം വ്യക്തമാക്കി നോട്ടീസ് അയച്ചു.
ഈ മാസം 27നായിരിക്കും റവന്യുവകുപ്പ് ഉദ്യോഗസ്ഥര്‍ ഭൂമി അളക്കാന്‍ എത്തുക. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും ദിലീപിനോട് നിര്‍ദേശിച്ചിട്ടുണ്ട്. പുറമ്പോക്ക് ഭൂമി കയ്യേറിയാണ് ഡി സിനിമാസ് നിര്‍മിച്ചതെന്ന് ജില്ലാ കളക്ടര്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് റവന്യൂമന്ത്രിക്ക് നല്‍കുകയും ചെയ്തിരുന്നു.
ഭൂമിയെ ചൊല്ലിയുള്ള വിവാദത്തെ തുടര്‍ന്ന് 1956 മുതലുളള രേഖകള്‍ പരിശോധിച്ചാണ് സര്‍ക്കാര്‍ ഭൂമി കയ്യേറിയാണെന്ന് തിയ്യേറ്റര്‍ നിര്‍മ്മിച്ചതെന്ന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ബിജു ഫിലിംപ്, അഗസ്റ്റിന്‍ എന്നിവരില്‍ നിന്നുമായി ഈ ഭൂമി ദിലീപ് 2006ല്‍ വാങ്ങിയതിന് രേഖകളുണ്ട്. നേരത്തെ തിയറ്റര്‍ നിര്‍മ്മാണവേളയില്‍ പരാതി ഉയര്‍ന്നപ്പോള്‍ ദിലീപ് ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളുമായി ജില്ലാകലക്ടറെ സമീപിച്ചിരുന്നു. അന്ന് കലക്ടര്‍ ദിലീപിന്റേത് പുറംപോക്ക് ഭൂമിയല്ലെന്ന് വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.