ടിപി കേസ്: ലംബു പ്രദീപിന്റെ ശിക്ഷ തടഞ്ഞു, ജാമ്യം അനുവദിച്ചു

വെള്ളി, 28 ഫെബ്രുവരി 2014 (12:31 IST)
PRO
PRO
ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ വധിച്ചകേസില്‍ കുറ്റക്കാരനെന്ന് വിചാ‍രണാകോടതി കണ്ടെത്തിയ ലംബു പ്രദീപന് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

കേസിലെ മുപ്പത്തിയൊന്നാം പ്രതിയാണ് ലംബു പ്രദീപ്. വിചാരണക്കോടതിയുടെ ശിക്ഷാവിധി നടപ്പാക്കുന്നതിനെയും ഹൈക്കോടതി തടഞ്ഞു.

ആയുധങ്ങള്‍ ഒളിപ്പിച്ച് തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നതാണ് പ്രദീപനെതിരെയുള്ള കേസ്. കുറ്റക്കാരനാണെന്നു കണ്ടെത്തിയ പ്രദീപന് മൂന്നു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയുമാണ് വിചരണക്കോടതി വിധിച്ചത്.

അതേസമയം ഇയാള്‍ക്ക് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ കോടതിയിലെതിര്‍ത്തു. ടിപി കേസിലെ പ്രതികളുടെ അപ്പീല്‍ വേഗത്തില്‍ പരിഗണിച്ച് വിചാരണ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ രാഷ്ട്രീയം കളിക്കാന്‍ കോടതിയില്ലെന്നും മറ്റേതൊരു കേസും പോലെ മാത്രമേ ടിപി കേസും പരിഗണിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക