ജിഷയുടെ ശരീരത്തില്‍ 38 മുറിവുകളെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ബുധന്‍, 4 മെയ് 2016 (13:48 IST)
പെരുമ്പാവൂരില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിട്ടു. ജിഷയുടെ ശരീരത്തില്‍ 38 മുറിവകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ആലപ്പുഴ മെഡിക്കല്‍ കൊളേജിലെ അസോസിയേറ്റീവ് പ്രഫസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
 
അതേസമയം, പീഡനം നടന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താന്‍ വിശദമായ പരിശോധനകള്‍ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ശരീരത്തില്‍ ഉണ്ടായ മുറിവുകള്‍ പീഡനം നടന്നു എന്നതിന്റെ വ്യക്തമായ സൂചന നല്‍കുന്നു എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
 
എന്നാല്‍ ജിഷയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത് ആലപ്പുഴ മെഡിക്കൽ കോളജിലെ പി ജി വിദ്യാർത്ഥിയാണെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ അധികൃതര്‍ തയ്യാറായില്ല. കഴിഞ്ഞ 29നു നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട് ഇന്നാണ് പൊലീസിന് കൈമാറിയത്.
 
സംഭവം വിവാദമായതോടെ ഇന്നലെ മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗത്തിൽ അടിയന്തര യോഗം ചേർന്നിരുന്നു. ഫൊറൻസിക് സർജൻമാരുടെ സംയുക്തസംഘമാണ് പോസ്റ്റ്മോർ‌ട്ടം നടത്തിയതെന്ന രീതിയിൽ റിപ്പോർട്ടും നടപടിക്രമങ്ങളും തിരുത്താൻ ശ്രമം നടന്നെങ്കിലും ഒരുവിഭാഗം ഡോക്ടർമാർ എതിർത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന അസോഷ്യറ്റ് പ്രഫസറുടെ മേൽനോട്ടത്തിൽ വിദ്യാർത്ഥിയാണ് പോസ്റ്റ്മോർട്ടം നടത്തിയതെന്ന് രേഖപ്പെടുത്തിയാൽ മതിയെന്നും നിർദേശം ഉയരുകയായിരുന്നു.
 

വെബ്ദുനിയ വായിക്കുക