ജനങ്ങള്‍ തള്ളിക്കളഞ്ഞവര്‍ ഇന്ന് പാര്‍ലമെന്‍റ് സ്തഭിപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി. ആര്‍ ശങ്കറിന്‍റെ പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് കൊല്ലത്ത് സംസാരിക്കവേയാണ് ശക്തമായ ഭാഷയില്‍ മോഡി കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്. വിട്ടുവീഴ്ചകള്‍ നടത്തിക്കൊണ്ട് പ്രായോഗിക രാഷ്ട്രീയക്കാരനാകാന്‍ ആര്‍ ശങ്കര്‍ ശ്രമിച്ചില്ലെന്നും ഗുരുവിന്‍റെ ദര്‍ശനങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമമാണ് അദ്ദേഹം ജീവിതകാലം മുഴുവന്‍ നടത്തിയതെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചിലരെ അവരവരുടെ വീടുകളിലേക്ക് പറഞ്ഞയച്ചു, ഞങ്ങള്‍ എന്തായാലും നശിച്ചു അതിനാല്‍ ഈ നാടിനെയും നശിപ്പിക്കുമെന്ന രീതിയില്‍ അവര്‍ ഇന്ന് പെരുമാറുകയാണ്. ഇത് നമ്മുടെ നാടിനെ വല്ലാത്ത ഒരവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാക്കുകള്‍ പ്രതിപക്ഷം പലപ്പോഴും ആഴ്ചകളോളം പ്രയോഗിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ പ്രണബ് മുഖര്‍ജി പറഞ്ഞ കാര്യങ്ങള്‍ പ്രതിപക്ഷം വിഴുങ്ങുകയാണ്. ചര്‍ച്ചകള്‍, വിയോജിപ്പുകള്‍ക്കുള്ള അവസരം, തീരുമാനങ്ങള്‍ക്കുമുള്ള വേദി എന്നിവയാണ് പാര്‍ലമെന്‍റ് എന്ന് പ്രണബ് പറഞ്ഞു. എന്നാല്‍ ചിലര്‍ ഇന്ന് പാര്‍ലമെന്‍റില്‍ തടസപ്പെടുത്തുക, നശിപ്പിക്കുക, ഇല്ലാതാക്കുക എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും പ്രണബ് പറഞ്ഞു. എന്നാല്‍ അതൊന്നും പ്രതിപക്ഷം കേള്‍ക്കുന്നില്ല.
സാധാരണയായി രാഷ്ട്രീയനേതാക്കള്‍ അവരുടെ ദേഹവിയോഗം സംഭവിച്ച് രണ്ടുവര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ആത്യന്തിക മരണം സംഭവിക്കാറുണ്ട്. ചിലര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ജനങ്ങള്‍ മറന്നുപോകുന്നു. അപൂര്‍വം ചിലര്‍ മാത്രമേ, മരണത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷവും ജീവിക്കാറുള്ളൂ. ഇത്രയും കാലത്തിന് ശേഷവും ആര്‍ ശങ്കര്‍ ജനമനസുകളില്‍ ജീവിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം എന്തൊക്കെ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടാകും! - പ്രധാനമന്ത്രി ആശ്ചര്യപ്പെട്ടു.
ശ്രീ നാരായണഗുരു കണ്ട സ്വപ്നം പ്രാവര്‍ത്തികമാക്കാന്‍ വേണ്ടി ജീവിച്ച മഹാനായിരുന്നു ആര്‍ ശങ്കര്‍. വിട്ടുവീഴ്ചകള്‍ നടത്തിക്കൊണ്ട് പ്രായോഗിക രാഷ്ട്രീയക്കാരനാകാന്‍ ആര്‍ ശങ്കര്‍ ശ്രമിച്ചില്ല. ഗുരുവിന്‍റെ ദര്‍ശനങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമമാണ് അദ്ദേഹം ജീവിതകാലം മുഴുവന്‍ നടത്തിയത്. സമൂഹത്തിലെ ദളിതര്‍, ഉപേക്ഷിക്കപ്പെട്ടവര്‍, പീഡിപ്പിക്കപ്പെട്ടവര്‍, ചൂഷണം ചെയ്യപ്പെട്ടവര്‍ അങ്ങനെ എല്ലാ വിഭാഗങ്ങളുടെയും ജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് ആര്‍ ശങ്കറിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത്. പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗത്തില്‍ പെടുന്നവര്‍ക്ക് എത്രമാത്രം അപമാനവും അവഗണനയും നേരിടുമെന്ന് നേരിട്ട് അറിയാവുന്ന, അവയൊക്കെ അനുഭവിച്ചിട്ടുള്ള ആളാണ് ഞാന്‍. അതാരും എന്നെ പഠിപ്പിക്കേണ്ട ആവശ്യമില്ല. നമ്മളെപ്പോലെ ഈ ഉപേക്ഷിക്കപ്പെട്ടവരുടെ കൈപിടിച്ച് വിദ്യാഭ്യാസത്തിന്‍റെ പ്രവേശനദ്വാരത്തിലേക്ക് നടത്താന്‍ ശ്രമിച്ച ആര്‍ ശങ്കര്‍ ഈശ്വരതുല്യനാണ് - മോഡി പറഞ്ഞു.
ഗുജറാത്തിന്‍റെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുരുസമാധി സ്ഥാനത്തുവരാനും ദര്‍ശനങ്ങള്‍ മനസിലാക്കാനും കഴിഞ്ഞിരുന്നു. ആ സമയത്ത് എസ്എന്‍ഡിപി പ്രവര്‍ത്തകരുടെ മുന്നോട്ടുവരാനുള്ള അഭിവാഞ്ച നേരിട്ടു മനസിലാക്കാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്‍റെ ഓര്‍മ്മയുണര്‍ത്തുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ജീവിതത്തില്‍ എനിക്ക് ലഭിച്ച ഈ അവസരം ഞാന്‍ എന്നും ഓര്‍മ്മിക്കുന്ന ഒരു അവസരമായിരിക്കും - പ്രധാനമന്ത്രി പറഞ്ഞു.
പല രാഷ്ട്രീയ നേതാക്കളും അഞ്ചും പത്തും വര്‍ഷം മുഖ്യമന്ത്രിമാരായും പ്രധാനമന്ത്രിമാരായും ഇരിക്കാറുണ്ട്. എന്നാല്‍ കേവലം രണ്ടുവര്‍ഷം മാത്രം മുഖ്യമന്ത്രിയായ ആര്‍ ശങ്കറെ ഇന്നും കേരള ഓര്‍മ്മിക്കുന്നു. അദ്ദേഹം രാഷ്ട്രീയ നേതാവ് എന്നതിലുപരി സാമൂഹ്യപരിഷ്കര്‍ത്താവായിരുന്നു.
മന്നത്ത് പത്മനാഭനും ആര്‍ ശങ്കറും ഒരുമിച്ച് ചേര്‍ന്ന് ഹിന്ദുമഹാമണ്ഡലത്തിന് രൂപം നല്‍കിയപ്പോള്‍ അതിന്‍റെ സമ്മേളനത്തില്‍ പങ്കെടുക്കാനായി അഭിസംബോധന ചെയ്യാനായി ജനസംഘത്തിന്‍റെ നേതാവായിരുന്ന ഡോ. ശ്യാമപ്രസാദ് മുഖര്‍ജിക്കാണ് ക്ഷണപത്രം കിട്ടിയത്. ആ ജനസംഘത്തിന്‍റെ തുടര്‍ച്ചയായി ഇവിടെ നില്‍ക്കാന്‍ കഴിയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അന്ന് ദേഹാസ്വാസ്ഥ്യം കാരണം അതില്‍ പങ്കെടുക്കാന്‍ ശ്യാമപ്രസാദ് മുഖര്‍ജിക്കായില്ല. അതിന് ശേഷം മറ്റൊരിക്കല്‍ ശ്യാമപ്രസാദ് മുഖര്‍ജി തിരുവനന്തപുരത്ത് വന്നപ്പോള്‍ ആര്‍ ശങ്കര്‍ അദ്ദേഹത്തെ പോയി കണ്ടിരുന്നു. കാണ്‍പൂരില്‍ ജനസംഘത്തിന്‍റെ അഖിലേന്ത്യാ സമ്മേളനത്തിലേക്ക് ശങ്കറെ ക്ഷണിക്കുകയും ചെയ്തിരുന്നു ശ്യാമപ്രസാദ് മുഖര്‍ജി - നരേന്ദ്രമോഡി ഓര്‍ത്തെടുത്തു.
ഈ നാട്ടില്‍ പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവരുണ്ടെങ്കില്‍ അവര്‍ ഗുരുദേവന്‍റെ ദര്‍ശനപാതയില്‍ സഞ്ചരിച്ചാല്‍ മതി. ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാരില്‍ ഏറ്റവും ആദ്യത്തെ അധികാരം പാവപ്പെട്ടവര്‍ക്കും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും ദളിതര്‍ക്കുമാണ്. പാവപ്പെട്ടവരെ ഉന്നതിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പ്രവര്‍ത്തികളാണ് ഞങ്ങള്‍ ചെയ്യുന്നത്. വെള്ളാപ്പള്ളി നടേശന്‍ കുറെ ആവശ്യങ്ങള്‍ എന്നെ അറിയിച്ചിട്ടുണ്ട്. അതെല്ലാം ഇപ്പോള്‍ പാര്‍ലമെന്‍റ് സമ്മേളനം നടക്കുന്ന സമയമായതിനാല്‍ പ്രഖ്യാപിക്കാന്‍ എനിക്ക് കഴിയില്ല. എന്നാല്‍ അവയെല്ലാം പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് ഉറപ്പുനല്‍കുന്നു - പ്രധാനമന്ത്രി പറഞ്ഞു.