ചാലയില്‍ അഗ്നിബാധ: കോടികളുടെ നഷ്ടം

ചൊവ്വ, 22 നവം‌ബര്‍ 2011 (08:53 IST)
PRO
PRO
തിരുവനന്തപുരം ചാലക്കമ്പോളത്തില്‍ ഗോഡൗണിന് തീപിടിച്ചു. ആര്യശാല ഭാഗത്തുള്ള പാഴ്‌സല്‍ ഓഫീസിന്റെ ഗോഡൗണിനാണ് തീപിടിച്ചു. എന്നാല്‍ ആളപായമില്ല. കോടികളുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കപ്പെടുന്നത്.

തിങ്കളാഴ്ച രാത്രി 10.20 ഓടെയാണ് സംഭവം. തീപിടിത്തത്തില്‍ രണ്ട് കടകള്‍ പൂര്‍ണമായും ഒരെണ്ണം ഭാഗികമായും കത്തിനശിച്ചു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് സൂ‍ചന. ആര്യശാലയില്‍ കോഴിക്കോട് സ്വദേശി മൊയ്തുഹാജിയുടെ ഉടമസ്ഥതയിലുള്ള കെആര്‍എസ് പാഴ്‌സല്‍ സര്‍വീസിന്റെ ഗോഡൗണിലാണ് ആദ്യം തീ കണ്ടത്. വിവരം അറിയിച്ചതിനേ തുടര്‍ന്ന് അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിച്ചു. എന്നാല്‍ വെള്ളം തീര്‍ന്നുപോയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാവുകയായിരുന്നു. വീണ്ടും വെള്ളം നിറച്ചു വന്നപ്പോഴേക്കും തീ ആളിപ്പടരുകയായിരുന്നു. ഇടുങ്ങിയ സ്ഥലമായതിനാല്‍ ഫയര്‍ എഞ്ചിനുകള്‍ക്ക് ഒരുമിച്ച് പ്രവേശിക്കാന്‍ സാധിക്കാത്തതും അപകടത്തിന്റെ വ്യാപ്തി കൂട്ടി.

രാത്രി 12.30 ഓടെ തീ നിയന്ത്രണവിധേയമായി. മന്ത്രി കെപി മോഹനന്‍, പോലീസ് കമ്മിഷണര്‍ മനോജ് എബ്രഹാം, മേയര്‍ കെ ചന്ദ്രിക തുടങ്ങിയവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

വെബ്ദുനിയ വായിക്കുക