ചാനലുകള്‍ക്ക് ചൂടന്‍ ദൃശ്യങ്ങള്‍ കിട്ടാന്‍ ഇടതുപക്ഷം കൂട്ടുനില്‍ക്കില്ല: പിണറായി
വ്യാഴം, 19 ഡിസംബര്‍ 2013 (11:35 IST)
PRO
PRO
മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ചില മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ വിലകുറിച്ച് കാണിക്കുന്നു. ചാനലുകള്‍ക്ക് ചൂടന്‍ ദൃശ്യങ്ങള്‍ കിട്ടാന്‍ ഇടതുപക്ഷം കൂട്ടുനില്‍ക്കില്ല. ക്ലിഫ്ഹൌസ് ഉപരോധം സംബന്ധിച്ച മാധ്യമ വാര്‍ത്തകളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്‍ഡിഎഫിന്റെ ക്ലിഫ് ഹൗസ് ഉപരോധത്തില്‍ തിരുവനന്തപുരം ജില്ലയിലെ വീട്ടമ്മമാര്‍ പങ്കെടുക്കുന്ന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി. വഴിതടഞ്ഞുള്ള സമരത്തിനെതിരെ സന്ധ്യയെന്ന വീട്ടമ്മ ഉയര്‍ത്തിയ ഒറ്റയാള്‍ പ്രതിഷേധം സമരത്തിന് മങ്ങലേല്‍പ്പിച്ച സാഹചര്യത്തിലാണ് വീട്ടമ്മമാരെ അണിനിരത്തി സമരം നേരിടാന്‍ സിപിഎം തീരുമാനിച്ചത്.
മാറ്റത്തിന് വേണ്ടിയുള്ള ഇടതുസമരങ്ങളെ എല്ലാ കാലത്തും വലതുമാധ്യമങ്ങള്‍ എതിര്‍ത്തിട്ടുണ്ട്. സമരം ചെയ്യുമ്പോള്‍ ജനത്തിന് ബുദ്ധിമുട്ടുണ്ടാകുക സ്വാഭാവികമാണ്. സഞ്ചാരസ്വാതന്ത്ര്യം അടക്കം നേടിയെടുത്തത് സമരങ്ങളിലൂടെയാണ്. സമരം ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ക്കാണ് പ്രസക്തി എന്നും പിണറായി ചൂണ്ടിക്കാട്ടി.
സമരം പരാജയം എന്ന് പറയുന്നത് കണ്ണുപൊട്ടന്മാരാണ്. സോളാറിന്റ് പേരില്‍ എല്‍ഡിഎഫ് നടത്തുന്ന സമരം ന്യായമാണ്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും മുഖ്യമന്ത്രിയുടെ രാജിയ്ക്ക് വേണ്ടിയുള്ള സമരം തുടരുക തന്നെ ചെയ്യും. ജുഡീഷ്യല്‍ അന്വേഷണം പ്രഹസനമായി മാറുകയായിരുന്നു എന്ന് പിണറായി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി രാജിവച്ചേ മതിയാകൂ എന്ന് അദ്ദേഹം പറഞ്ഞു.