ദേശീയഗെയിംസിനെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യും. ഗെയിംസിന്റെ ഉദ്ഘാടനചടങ്ങിന് നടന്‍ മോഹന്‍ ലാലിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ‘ലാലിസം’ പരിപാടിക്ക് നല്കിയ പണം തിരിച്ചു വാങ്ങണോ എന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും. ‘ലാലിസം’ പരക്കെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ പരിപാടിക്കായി വാങ്ങിയ തുക തിരിച്ചു നല്കുമെന്ന് മോഹന്‍ ലാല്‍ പറഞ്ഞിരുന്നു.
ഇതിനിടെ, ദേശീയ ഗെയിംസ് നടത്തിപ്പില്‍ ഉണ്ടായിട്ടുള്ള അപാകതകളെക്കുറിച്ച് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പരാമര്‍ശം നടത്തിയത് വിവാദമായി. ചീഫ് സെക്രട്ടറിയുടെ പരസ്യവിമര്‍ശനത്തിലുള്ള അതൃപ്‌തി കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തിലും അദ്ദേഹം ഇക്കാര്യം ഉന്നയിച്ചേക്കും.
ദേശീയഗെയിംസിന്റെ ഉദ്ഘാടന പരിപാടികള്‍ക്കായി 15 കോടി ചെലവാക്കിയത് കുറച്ചു കൂടുതലായി പോയെന്ന് കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത സംഘാടകസമിതി യോഗത്തില്‍ ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു. സംഘാടനത്തില്‍ കാര്യമായ പിഴവ് പറ്റിയെന്നും സമാപനസമ്മേളനം വിവാദങ്ങള്‍ ഒഴിവാക്കുന്ന രീതിയില്‍ നടത്തണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു. ഇതാണ് കായികമന്ത്രിയെ ചൊടിപ്പിച്ചത്.