ഗുണ്ടകളെ നിലയ്ക്കു നിര്‍ത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍; തന്റെ അടുത്തു നില്‍ക്കുന്ന ആളാണെങ്കിലും സുരക്ഷ നല്കില്ലെന്നും മുഖ്യമന്ത്രി

ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (10:49 IST)
ഗുണ്ടകളെ നിലയ്ക്കു നിര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുമ്പോള്‍ ആയിരുന്നു മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. സംസ്ഥാനത്തെ പൊലീസ് നിഷ്‌ക്രിയമാണെന്നും അതുകൊണ്ടാണ് ഗുണ്ടകളുടെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നും ചൂണ്ടിക്കാട്ടി പി ടി തോമസ് എം എല്‍ എ ആയിരുന്നു അടിയന്തരപ്രമേയത്തിനു അവതരണാനുമതി തേടി നോട്ടീസ് നല്കിയത്.
 
ഗുണ്ടകളെ നിലയ്ക്കു നിര്‍ത്തുമെന്ന് അടിയന്തരപ്രമേയ നോട്ടീസിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ഗുണ്ടാസംഘങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സര്‍ക്കാരിനുള്ളത്. തന്റെ അടുത്തു നില്‍ക്കുന്ന ആളാണെങ്കിലും സുരക്ഷ നല്കില്ല. പൊലീസിന് ഗുണ്ടകളുമായി ബന്ധമുണ്ടോയെന്ന് അറിയില്ല. പ്രത്യേക പൊലീസ് സംഘത്തെ ഗുണ്ടാസംഘങ്ങളെ നിയന്ത്രിക്കാന്‍ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
അതേസമയം, സി പി എം നേതാക്കൾക്കും മധ്യമേഖലയിൽ പ്രവർത്തിക്കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ഗുണ്ടാസംഘങ്ങളുമായി നേരിട്ട്  ബന്ധമുണ്ടെന്ന് പി ടി തോമസ് ആരോപിച്ചു. ജീവനും സ്വത്തിനും സംരക്ഷണമില്ലാത്ത സാഹചര്യമാണ് സംസ്ഥാനത്ത്. സാധാരണക്കാരന്‍ പൊലീസ് സ്റ്റേഷനില്‍ ഒരു പരാതി നല്കിയാല്‍ അക്കാര്യം 10 മിനിറ്റിനുള്ളില്‍ ഗുണ്ടകളുടെ കൈകളിലെത്തുമെന്നും പി ടി തോമസ് ആരോപിച്ചിരുന്നു.
 
ഇതിനിടെ, കേരളം ഗുണ്ടകളുടെ പറുദീസയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസിന് ഗുണ്ടാ ആക്രമണങ്ങൾ നോക്കാൻ സമയമില്ലെന്നും ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള കിടമത്സരമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വെബ്ദുനിയ വായിക്കുക