ഖത്തര്‍ മലയാളി മാന്വല്‍ വ്യാപകമായി കോപ്പിയടിച്ചതായി പരാതി
ചൊവ്വ, 3 മെയ് 2016 (21:30 IST)
ഖത്തറിലെ മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ മലയാളി മാന്വലിലെ വിവരങ്ങള്‍ അനധികൃതമായി കോപ്പിയടിച്ച് വിവര്‍ത്തനം ചെയ്ത് ഖത്തര്‍ മലയാളി ഡയറക്ടറി എന്ന പേരില്‍ പ്രസിദ്ധീകരിച്ചതായി പരാതി. കേരളത്തില്‍ ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ക്ളാസ് മീഡിയ ഗ്രൂപ്പിനെതിരെയാണ് പരാതി ഉയരുന്നത്.
മീഡിയ പ്ലസിന്റെ മുഖ്യ പ്രസിദ്ധീകരണമായ ഖത്തര്‍ മലയാളി മാന്വലിലെ ഫോട്ടോകളും വിവരങ്ങളും അനധികൃതമായി ഉപയോഗിച്ച ഖത്തര്‍ മലയാളി ഡയറക്ടറി അധികൃതര്‍ക്കെതിരെ നിയമ നടപടിയെക്കുറിച്ച് ആലോചിക്കുന്നതായി മീഡിയ പ്‌ളസ് സിഇഒയും ഖത്തര്‍ മലയാളി മാന്വലിന്റെ ചീഫ് എഡിറ്ററുമായ അമാനുല്ല വടക്കാങ്ങര വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഖത്തറിലും കേരളത്തിലും നിയമ നടപടി ആലോചിക്കുന്നുണ്ട്. ഖത്തര്‍ മലയാളി ഡയറക്ടറിയുടെ മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കൊട്ടാരം, ഖത്തര്‍ പ്രതിനിധി പ്രീതി കൊട്ടാരം എന്നിവര്‍ക്കെതിരെ ഖത്തറിലും, പബ്ലിഷറും ചീഫ് എഡിറ്ററുമായ സാജീദ് ഖാന്‍ പനവേലില്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വി കെ ജോണി എന്നിവര്‍ക്കെതിരെ നാട്ടിലുമാണ് നിയമനടപടി ആലോചിക്കുന്നത്.
ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ പൂര്‍ണ അംഗീകാരത്തോടെ 2011ലാണ് മാധ്യമ ലോകത്ത് തന്നെ വേറിട്ട സംരംഭമായി മീഡിയ പ്‌ളസ് ഖത്തര്‍ മലയാളി മാന്വല്‍ പ്രസിദ്ധീകരിച്ചത്. ഖത്തറിലെ മലയാളി സമൂഹത്തിലെ ശ്രദ്ധേയരായ വ്യക്തിത്വങ്ങളെ കണ്ടെത്തി പ്രസിദ്ധീകരിച്ച മാന്വലിന് ഖത്തറിനകത്തും പുറത്തും വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ 2013 ല്‍ മാന്വലിന്റെ പരിഷ്‌ക്കരിച്ച രണ്ടാം പതിപ്പും പുറത്തിറക്കി. കൂടുതലാളുകളെ ഉള്‍പ്പെടുത്തി ഖത്തര്‍ മലയാളി മാന്വലിന്റെ പരിഷ്‌ക്കരിച്ച മൂന്നാം പതിപ്പ് പുറത്തിറക്കുവാനുളള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് തങ്ങളുടെ പ്രസിദ്ധീകരണത്തിലെ ഭൂരിഭാഗം പേജുകളും അതേപടി വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടത്.
മാസങ്ങളുടെ കഠിനാദ്ധ്വാന ഫലമാണ് ഖത്തര്‍ മലയാളി മാന്വല്‍. അത് സൗകര്യപൂര്‍വം മോഷ്ടിച്ച് വിവര്‍ത്തനം ചെയ്ത് ഖത്തറില്‍ കൊണ്ടുവന്നു എന്നത് തങ്ങളെ അത്ഭുതപ്പെടുത്തി. ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് ഈ പ്രസിദ്ധീകരണം ഖത്തറിലെത്തിയതെന്നാണ് അറിയുന്നത്. ഏപ്രില്‍ 17നാണ് ഖത്തര്‍ മലയാളി ഡയറക്ടറി ഖത്തറില്‍ പ്രകാശനം ചെയ്യപ്പെട്ടത്.
അമാനുല്ല വടക്കാങ്ങരക്കു പുറമേ മാന്വലിന്റെ ചീഫ് കോര്‍ഡിനേറ്റര്‍ അഫ്‌സല്‍ കിളയില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷറഫുദ്ദീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍മാരായ ഫൗസിയ അക്ബര്‍, അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.