കോണ്‍ഗ്രസിന്റെ തോല്‍‌വിയുടെ പേരില്‍ കെ പി സി സി പ്രസിഡണ്ട് സ്ഥാനം ഒഴിയില്ല, കെ ബാബുവിനുള്ള മറുപടി പിന്നീട്: വി എം സുധീരന്‍

തിങ്കള്‍, 23 മെയ് 2016 (17:39 IST)
മുന്‍ മന്ത്രി കെ ബാബുവിന്റെ പരാമര്‍ശത്തിനെതിരെ വി എം സുധീരന്‍ രംഗത്ത്. മദ്യനയമാണ് തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് തിരിച്ചടിയായതെന്നും തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചതില്‍ പാര്‍ട്ടിക്ക് വലിയ പങ്കുണ്ടെന്നും ബാബു ആരോപിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വിമര്‍ശനത്തിനുള്ള മറുപടി ഇപ്പോള്‍ പറയുന്നില്ലെന്നും സുധീരന്‍ പറഞ്ഞു.
 
മദ്യനയം തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് തിരിച്ചടിയായിട്ടില്ല. തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തോല്‍വിയുടെ  പേരില്‍ താന്‍ കെ പി സി സി പ്രസിഡണ്ട് സ്ഥാനം ഒഴിയേണ്ട ആവശ്യമില്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന് വോട്ട് ചെയ്ത ജനങ്ങളോട് നന്ദിയുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ക്രിയാത്മക നടപടികള്‍ക്ക് യൂ ഡി എഫ് പിന്തുണ നല്‍കും സുധീരന്‍ വ്യക്തമാക്കി.
 
ജൂണ്‍ നാല്, അഞ്ച് തീയതികളികളില്‍ മത്സരിച്ച മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെയും പങ്കെടുപ്പിച്ച് ക്യാമ്പ് നടത്തുമെന്നും ക്യാമ്പില്‍ തോല്‍വിയെക്കുറിച്ചുള്ള കാരണങ്ങള്‍ കണ്ടെത്തുകയും പരിഹാരം ആരായുമെന്നും സുധീരന്‍ പറഞ്ഞു. സി പി എം-ബി ജെ പി പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇന്നു വരെ 142 ആക്രമണങ്ങള്‍ നടത്തിയെന്നും കേരളത്തിന്റെ സമാധാനാന്തരീക്ഷം കളഞ്ഞു കുളിക്കരുതെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക