പൂഞ്ഞാറിന്റെ മുത്താണ് ജോര്‍ജ്; ഏത് വമ്പനും അടിപതറുന്ന പിസിയുടെ സ്വന്തം മണ്ഡലം, ഈ ജയത്തിനു പിന്നില്‍ ഒരു പോരാട്ടത്തിന്റെ ചരിത്രമുണ്ട്

വ്യാഴം, 19 മെയ് 2016 (12:50 IST)
പാലാ/പുഞ്ഞാര്‍: പ്രവചനങ്ങളെ കാറ്റില്‍ പറത്തി പൂഞ്ഞാറില്‍ പിസി ജോര്‍ജ് തന്റെ കരുത്തു തെളിയിച്ചു. കേരള രാഷ്‌ട്രീയത്തിലെ ഏത് വമ്പനായാലും തനിക്കെതിരെ പൂഞ്ഞാറില്‍ ജയിക്കില്ലെന്ന ജോര്‍ജിന്റെ പ്രസ്‌താവന ഒരിക്കല്‍ കൂടി തെളിയിക്കുന്നതായിരുന്നു ഇത്തവണത്തെ നിയമസഭ പോരാട്ടം. ഇടതു- വലത് മുന്നണികള്‍ കൈവിട്ടതോടെ ഒറ്റയ്‌ക്ക് നിന്നു പടവെട്ടിയ പിസി പുഞ്ഞാറിന്റെ മുത്താണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയായിരുന്നു.

അഴിമതിക്കെതിരെയും നെറികേടിനെതിരെയും പച്ചത്തെറി വിളിക്കാന്‍ മടിയില്ലാത്ത ജോര്‍ജിനെ മണ്ഡലത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഭയമാണ്. ജോര്‍ജ് വീട്ടില്‍ ഉണ്ടെങ്കില്‍ വൈദ്യുതി മുടങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നവരാണ് പുഞ്ഞാറിലെ കെ എസ് ഇ ബി ജീവനക്കാര്‍. ആശുപത്രികളിലും വില്ലേജ് ഓഫീസുകളിലും ഏത് നിമിഷവും കുടവയറുമായി പ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ള പിസി ജനങ്ങള്‍ക്ക് എന്നും കൂട്ടുകാരനാണ്. പാതിരാത്രിയില്‍ പോലും ഫോണ്‍ വിളിച്ചാല്‍ എടുക്കുകയും സംസാരിക്കുകയും ചെയ്യും. ഏത് തിരക്കിനിടയിലും കാണാനെത്തുന്നവരെയും സഹായം ചോദിച്ച് എത്തുന്നവര്‍ക്കും പിന്തുണ നല്‍കുന്നതില്‍ മടി കാണിക്കാത്ത ജോര്‍ജിന് മണ്ഡലത്തിന്റെ രാജകീയ പരിവേഷമാണെന്ന് തിരിച്ചറിയാന്‍ എതിരാളികള്‍ക്കായില്ല എന്നതാണ് പൂഞ്ഞാറിലെ വമ്പന്‍ വിജയത്തിന് അദ്ദേഹത്തെ സഹായിച്ചത്.

അരുവിത്തുറ പള്ളിയിലെ പതിവ് സന്ദര്‍ശകനായ ജോര്‍ജിന് അരുവിത്തുറ വെല്ല്യച്ചന്റെ സഹായം ഉണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തകര്‍ പറഞ്ഞത്. ഞായറാഴ്‌ചകളില്‍ പതിവായി പള്ളിയിലെത്തുന്ന ജോര്‍ജ് സ്‌ത്രീകളുടെയും കുട്ടികളുടെയും താരമാണ്. കുടവയര്‍ കുലുക്കി ഉറക്കെ ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്ന ജോര്‍ജ് എന്നും പുഞ്ഞാറുകാര്‍ക്ക് മുത്താണ്.

പുഞ്ഞാറില്‍ ജോര്‍ജിന്റെ വിജയത്തെ സഹായിച്ച ഘടകങ്ങള്‍:-  

ഇടതു വലതു മുന്നണികളുടെയും നിഷ്‌പക്ഷ വോട്ടുകളും പെട്ടിയില്‍ വീണതോടെയാണ് ജോര്‍ജിന്റെ വിജയം ശക്തമാക്കിയത്. കൂടാതെ എസ് ഡി പി ഐയുടെയും മുസ്‌ലിം വിഭാഗത്തിന്റെയും പിന്തുണ ജോര്‍ജിന് വോട്ടായി തീര്‍ന്നു. പിന്നാലെ ആദിവാസി ദളിത് സംഘടനകളും പൂഞ്ഞാറിന്റെ മുത്തിന് വോട്ട് മറിച്ചതോടെ മൂന്ന് മുന്നണികളും തരിപ്പണമാകുകയായിരുന്നു.  

മണ്ഡലത്തിലെ മുസ്‌ലിം വിഭാഗത്തിന്റെ വോട്ടുകള്‍ മുഴുവന്‍ സ്വന്തം പേരിലാക്കാന്‍ ജോര്‍ജിനെ സഹായിച്ചത് അദ്ദേഹത്തിന്റെ ജനസമതിയാണ്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചല്ല അദ്ദേഹം മണ്ഡലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. വര്‍ഷങ്ങളായി മണ്ഡലത്തില്‍ അദ്ദേഹം നടത്തിവന്ന ജനകീയ പ്രവര്‍ത്തനങ്ങള്‍ പിസിക്ക് വോട്ടായി മാറുകയായിരുന്നു.

പൂഞ്ഞാറിന്റെ നായകനെന്ന പരിവേഷവും അതിലുപരി വിവാദങ്ങള്‍ സമ്മാനിച്ച ഹീറോയിസവും ജോര്‍ജിനെ അകമഴിഞ്ഞു  സഹായിച്ചു. മിക്കയിടത്തും സ്‌ത്രീകളും ചെറുപ്പക്കാരും ജോര്‍ജിനെ സഹായിച്ചു. സാധാരണക്കാരനെന്ന ലേബലിനൊപ്പം  എന്തിനും ഏതിനും സഹായിക്കുകയും വിളിച്ചാല്‍ ഓടിയെത്തുന്ന രീതിയും പിസിക്ക് സഹായകമായി. കൂടാതെ മണ്ഡലത്തില്‍ അദ്ദേഹം നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും നേട്ടമായി തീര്‍ന്നു. യുവാക്കളുടെ ചെറുതും വലുതുമായ ആവശ്യങ്ങളില്‍ ഇടപെട്ട് സഹായിക്കുന്നതും അദ്ദേഹത്തിന് നേട്ടമായി.

അഴിമതിക്കെതിരെ നിരന്തരം പോരാടുന്ന ജോര്‍ജിനെ ഇടത് വലത് മുന്നണികള്‍ ഉപേക്ഷിച്ചതും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹത്തെ അപമാനിച്ചതുമാണ് അദ്ദേഹത്തിന് നേട്ടമായത്. ഈ സാഹചര്യത്തില്‍ അഴിമതിക്കെതിരെ ശബ്ദിക്കുന്ന നേതാവ് എന്ന പേരും അതിനൊപ്പം സ്‌ത്രീകളുടെയും പിന്തുണ ലഭിച്ചു. അപ്രതീക്ഷിതമായി ലഭിച്ച സഹതാപ തരംഗവും മുതലെടുക്കാന്‍ പിസിക്കായി. കൂടാതെ ക്രിസ്‌ത്യന്‍ വിഭാഗത്തിന്റെ വോട്ടും പിസിക്ക് ലഭിച്ചതോടെ വമ്പന്‍ വിജയത്തിലെത്താന്‍ ജോര്‍ജിനായി.


വെബ്ദുനിയ വായിക്കുക