കേരളത്തിൽ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപിയുടെ ശ്രമം: കേന്ദ്ര മന്ത്രി അനന്ത് കുമാർ

ശനി, 23 ഏപ്രില്‍ 2016 (19:44 IST)
കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബി ജെ പിയുടെ ശ്രമമമെന്ന് കേന്ദ്ര മന്ത്രി അനന്ത് കുമാര്‍. കേരളത്തിലെ ജനങ്ങളിലുള്ള തങ്ങളുടെ വിശ്വാസമാണ് ഞങ്ങള്‍ക്ക് കരുത്ത് നല്‍കുന്നത്. ജനങ്ങൾ തീരുമാനിച്ചാൽ അതു നടക്കും. ബി ജെ പിക്ക് കേന്ദ്രത്തിൽ 282 സീറ്റ് ലഭിക്കുമെന്ന് ആരെങ്കിലും കരുതിയിരുന്നോ. അതേസമയം, ജയിച്ചാല്‍ ആര് മുഖ്യമന്ത്രിയാകുമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ആദ്യം ഭൂരിപക്ഷം ലഭിക്കട്ടെയെന്നായിരുന്നു അനന്ത കുമാറിന്റെ മറുപടി.
 
കേരളത്തിലെ ഇരുമുന്നണികളേയും ജനങ്ങള്‍ക്ക് മടുത്തിരിക്കുകയാണ്. കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ കേരളത്തിൽ ബി ജെ പി ജനങ്ങളുടെ അംഗീകാരം നേടിക്കഴിഞ്ഞു. വെള്ളാപ്പള്ളിയുമായുള്ള സഖ്യത്തോടെ കേരള രാഷ്ട്രീയം തന്നെ മാറിയിരിക്കുകയാണ്. കേരളത്തില്‍ ഇനി ആര് ഭരിക്കണം എന്ന് ജനങ്ങൾ തീരുമാനം എടുത്തിട്ടുണ്ട്. കോൺഗ്രസും സി പി എമ്മും രണ്ടു തരം സഖ്യത്തിലാണ്. ബംഗാൾ മോഡൽ നേരിട്ടുള്ള സഖ്യവും കേരള മോഡൽ പരോക്ഷ സഖ്യവും. ജനങ്ങള്‍ ഈ കപട മുഖങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക