കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പുന:പരിശോധിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി

വ്യാഴം, 30 ജനുവരി 2014 (18:47 IST)
PRO
PRO
പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നടപടി പുന:പരിശോധിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രധാനമന്ത്രിയുടെ കത്ത് മുഖ്യമന്ത്രി നിയമസഭയില്‍ വെച്ചു. പരിസ്ഥിതി മന്ത്രാലയത്തിനാണ് പ്രധാനമന്ത്രി കത്തയച്ചത്.

ഇതേസമയം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നിയമസഭ പ്രമേയം പാസാക്കി. സംസ്ഥാന താല്‍പ്പര്യം പരിഗണിച്ച് മാത്രമേ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനമെടുക്കാവൂയെന്ന് പ്രമേയം പറയുന്നു. ഏകകണ്ഠമായാണ് സഭ പ്രമേയം പാസാക്കിയത്.

പശ്ചിമഘട്ട സംരക്ഷണത്തിന് കേന്ദ്രം പുതിയ കമ്മിറ്റിയെ നിയോഗിക്കണമെന്ന് പ്രമേയ ചര്‍ച്ചയില്‍ കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ ആശങ്കകള്‍ തീര്‍ത്ത് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ നല്ല വശങ്ങള്‍ നടപ്പാക്കണമെന്ന് എം വി ശ്രേയാംസ്‌കുമാറും സഭയില്‍ പ്രതികരിച്ചു.

കസ്തൂരിരംഗന്‍ സമിതി നിര്‍ദ്ദേശിച്ച കേരളത്തിലെ 123 വില്ലേജുകളും പരിസ്ഥിതി ലോലമാണെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ദേശീയ ഹരിത ട്രൈബ്യൂണലിനെ ചൊവാഴ്ച്ച അറിയിച്ചിരുന്നു. ആശങ്കകള്‍ നീക്കാന്‍ ഡിസംബര്‍ 20ന് ഇറക്കിയത് ഓഫീസ് മെമ്മോറാണ്ടം മാത്രമാണെന്നും നവംബര്‍ 13ലെ ഉത്തരവാണ് നിലനില്‍ക്കുന്നതെന്നും കേന്ദ്ര വ്യക്തമാക്കി. കേന്ദ്ര നടപടിക്കെതിരെ കേരളത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

വെബ്ദുനിയ വായിക്കുക