കലാഭവന്‍ മണിയുടെ മരണം: സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണ സംഘം

ചൊവ്വ, 28 ജൂണ്‍ 2016 (08:12 IST)
കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത തുടരുന്ന സാഹചര്യത്തില്‍ കുടുംബത്തിന്റെ ആരോപണം കൂടി കണക്കിലെടുത്ത് അന്വേഷണ സംഘം മണിയുടെ സഹായികളെ നുണപരിശോധനക്ക് വിധേയമാക്കും. മണിയെ അവശനിലയില്‍ കണ്ടെത്തിയതിന്റെ തലേ ദിവസം മണിയുടെ വിശ്രമകേന്ദ്രമായ പാഡിയില്‍ ഒത്തുകൂടിയവരെയാണ് നുണപരിശോധനക്ക് വിധേയമാക്കുന്നത്. 
 
റൂറല്‍ എസ്‌പി നിശാന്തിനിയെ കൂടി ഉള്‍പ്പെടുത്തി നിലവിലുള്ള അന്വേഷണസംഘം വിപുലീകരിക്കാനും തീരുമാനമായി. മണിയുടെ സഹായികളായ അരുണ്‍, വിപിന്‍,മുരുകന്‍ എന്നിവര്‍ക്കൊപ്പം മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍ എന്നിവരെയും നുണപരിശോധനക്ക് വിധേയമാക്കും. മണിയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നവരും അവസാന നിമിഷം വരെ മണിയോടൊപ്പം ചെലവഴിച്ചവരുമാണ് ഇവര്‍. നുണപരിശോധനക്ക് തങ്ങള്‍ക്ക് സമ്മതമാണെന്ന് ഇവര്‍ പൊലീസിനെ അറിയിച്ചു. 
 
മണിയെ അപായപ്പെടുത്താന്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവര്‍ ശ്രമിച്ചിട്ടുണ്ടെന്ന സംശയമാണ് കുടുംബത്തിനുള്ളത്. സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ഈ ആരോപണം പല തവണ ഉന്നയിച്ചിട്ടുള്ളതാണ്. അതേസമയം കേസ് സിബിഐക്ക് വിടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടില്ല. അന്വേഷണ സംഘത്തിന്റെ നേതൃനിരയിലുള്ള പലരും പെരുമ്പാവൂര്‍ ജിഷ വധക്കേസുമായിബന്ധപ്പെട്ട് ആലുവയിലാണുള്ളത്. സിബിഐ അന്വേഷണം ആരംഭിക്കാത്തതിനാല്‍ നിലവിലുള്ള അന്വേഷണ സംഘത്തിന്റെ പ്രധാന ചുമതല നിശാന്തിനിക്കായിരിക്കും.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക