കടം വാങ്ങിയ പണം കൊടുക്കാന്‍ വകയില്ല; പകരം ഒമ്പതാം ക്ലാസുകാരിയായ മകളെ 36കാരന് നല്കി

ശനി, 11 ഏപ്രില്‍ 2015 (14:59 IST)
പലിശക്കാരനില്‍ നിന്ന് കടം വാങ്ങിയ പണം തിരികെ നല്കാന്‍ നിവൃത്തിയില്ലാതെ വന്നയാള്‍ ഒമ്പതാം ക്ലാസുകാരിയായ സ്വന്തം മകളെ പലിശക്കാരന് വിവാഹം കഴിച്ചു നല്കി. ഇടുക്കി മാവടി സ്വദേശിയായ നെടുങ്കണ്ടം സെന്റ് സെബാസ്‌ത്യന്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെയാണ് 36കാരന് വിവാഹം ചെയ്തു കൊടുത്തത്
 
കടം വീട്ടാന്‍ നിവൃത്തിയില്ലാതെ വന്നപ്പോള്‍ തോട്ടം തൊഴിലാളികളായ അച്‌ഛനും അമ്മയും ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന മകളെ വിവാഹം ചെയ്തു നല്കുകയായിരുന്നു. തമിഴ്നാട്ടില്‍ വരന്റെ വീട്ടില്‍ വെച്ച് കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വിവാഹം. തമിഴ്നാട് സ്വദേശിയായ സെല്‍വരാജുമായാണ് മകളുടെ വിവാഹം നടത്തിയത്.
 
തമിഴ്‌നാട്ടിലെ തേനി ജില്ലക്കാരായ ദമ്പതിമാര്‍ നെടുങ്കണ്ടത്തേക്ക് കുടിയേറിപ്പാര്‍ത്തവരാണ്. ഈസ്റ്റര്‍ അവധിക്ക് നാട്ടിലേക്ക് മടങ്ങിയതിനിടെയാണ് സെല്‍വരാജുമായി ഇവര്‍ മകളുടെ വിവാഹം നടത്തിയത്. സെല്‍വരാജിന്റെ കൈയില്‍ നിന്നും വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാത്തതിനാലാണ് പകരം മകളെ വിവാഹം ചെയ്തു കൊടുക്കാന്‍ തീരുമാനിച്ചത്.
 
കുട്ടിയുടെ പിതൃസഹോദരനാണ് വിവാഹത്തെക്കുറിച്ചുള്ള വിവരം പുറംലോകത്തെ അറിയിച്ചത്. സംഭവത്തെക്കുറിച്ച് തേനി ജില്ലയിലെ വീരപാണ്ടി പൊലീസിലും ജില്ലാ കളക്‌ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക