ഓഫീസ് സമയത്ത് പൂക്കളമിടേണ്ട: പിണറായി

ശനി, 3 സെപ്‌റ്റംബര്‍ 2016 (14:43 IST)
സര്‍ക്കാര്‍ ഓഫീസുകളില്‍ ഓഫീസ് സമയത്ത് പൂക്കളമിടരുതെന്ന് സദുദ്ദേശത്തോടെയാണ് പറഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണാഘോഷം നടത്തുന്നതിന് താന്‍ എതിരല്ലെന്നും പിണറായി. സംസ്ഥാന സര്‍ക്കാരിന്‍റെ നൂറാം ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
 
ഓണത്തിന് ഒരുപാട് ഒഴിവ് ദിവസങ്ങളുണ്ട്. ആ സമയം ഷോപ്പിംഗിനായി എല്ലാവരും ചെലവഴിക്കുകയും ചെയ്യും. എന്നാല്‍ ഓണക്കാലത്ത് കച്ചവടക്കാര്‍ ഓഫീസുകളിലേക്ക് വന്ന് ഓഫീസുകള്‍ കച്ചവട കേന്ദ്രങ്ങളാകുന്ന ഒരു പതിവ് നിലനില്‍ക്കുന്നുണ്ട്. അത് ഒഴിവാക്കണം. അതുപോലെ ഓഫീസ് സമയത്ത് പൂക്കളം ഇടുന്ന രീതിയും ശരിയല്ല. ഓഫീസ് സമയത്തിന് ശേഷമോ മുമ്പോ അത് ആകാവുന്നതാണ് - പിണറായി വ്യക്തമാക്കി.
 
സംസ്ഥാനത്ത് സിപിഎമ്മും സിപിഐയും നല്ല ബന്ധത്തിലാണെന്നും പ്രശ്നങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ച് മുന്നോട്ടുപോകുമെന്നും പിണറായി വ്യക്തമാക്കി. 
 
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്നം പരിഹരിക്കണമെന്നും കോടതി പരിസരത്തിനുള്ളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക