ഓട്ടിസം തടയാന്‍ കര്‍മ്മപദ്ധതി ആവിഷ്‌ക്കരിക്കും - വിഎസ് ശിവകുമാര്‍

ബുധന്‍, 19 ഫെബ്രുവരി 2014 (15:54 IST)
ഓട്ടിസം തടയുന്നതിന് സംസ്ഥാനത്ത് കര്‍മ്മപദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍. ആധുനിക ശാസ്ത്രീയ സമ്പ്രദായങ്ങള്‍ വഴി ഗര്‍ഭസ്ഥ ശിശുക്കളില്‍ വൈകല്യങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനും തടയുന്നതിനുമുള്ള ജനറ്റിക് ലാബുകള്‍ക്ക് മൂന്ന് കോടി അറുപത് ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് തീരദേശ മേഖലയില്‍ കുട്ടികളില്‍ ഓട്ടിസം ബാധ കണ്ടെത്തുന്നതിന് ആശാവര്‍ക്കര്‍മാര്‍ക്കുള്ള പരിശീലന പരിപാടി തൈക്കാട് ഗസ്റ്റ് ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവജാത ശിശുക്കളില്‍ വൈകല്യം പരിശോധിക്കുന്നതിന് നിലവില്‍ 45 ആശുപത്രികളിലുള്ള സംവിധാനം നൂറ് ആശുപത്രികളില്‍ക്കൂടി വ്യാപിപ്പിക്കും. ശിശുക്കളിലെ വൈകല്യങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനും തടയുന്നതിനുമാണ് ശ്രമങ്ങള്‍ നടക്കുന്നത്.

ഓട്ടിസം കണ്ടെത്തുന്നതിന് പൈലറ്റ് പദ്ധതിയായി തിരുവനന്തപുരത്ത് നടപ്പാക്കുന്നത് രണ്ടാം ഘട്ടത്തില്‍ സംസ്ഥാനമാകെ വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അമ്മമാരെയും കുഞ്ഞുങ്ങളെയും പരിരക്ഷിക്കുന്നതിലും മറ്റ് ആരോഗ്യ പരിപാലനത്തിലും കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും തിരുവനന്തപുരം ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്ററിനെ വികസനത്തിന്റെ കേന്ദ്രമാക്കുമെന്നും മന്ത്രി പറഞ്ഞു. സി.ഡി.എസ്. ഡയറക്ടര്‍ ഡോ. എം.സി. നായര്‍ അധ്യക്ഷത വഹിച്ചു

വെബ്ദുനിയ വായിക്കുക