എന്‍റെ പാര്‍ട്ടിക്കാരോട് പ്രത്യേക മമത വേണ്ട: പൊലീസുകാര്‍ക്ക് പിണറായിയുടെ നിര്‍ദ്ദേശം

തിങ്കള്‍, 6 ഫെബ്രുവരി 2017 (17:45 IST)
തന്‍റെ പാര്‍ട്ടിക്കാര്‍ക്ക് പ്രത്യേക പരിഗണനയൊന്നും നല്‍കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിനോട് നിര്‍ദ്ദേശിച്ചു. തുല്യനീതിയാണ് പൊലീസ് സ്റ്റേഷനുകളില്‍ ഉണ്ടാകേണ്ടതെന്നും വഴിമുടക്കി റോഡ് ഉപരോധിക്കുന്നവരുടെ കാലുപിടിക്കാന്‍ പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
ജില്ലാ പൊലീസ് മേധാവികളുടെ യോഗത്തില്‍ വീഡിയോ കോണ്‍ഫെറന്‍സിങ്ങിലൂടെ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. വഴിമുടക്കി റോഡ് ഉപരോധിക്കുന്ന സമരക്കാരെ അറസ്റ്റ് ചെയ്യണം. വഴിയാത്രക്കാര്‍ക്ക് തടസം സൃഷ്ടിക്കാന്‍ പാടില്ല. രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയുള്ള നീതിനിര്‍വഹണമാകരുത് നടക്കേണ്ടത്. എന്നാല്‍ യുഎപിഎയും കാപ്പയും ദുരുപയോഗം ചെയ്യരുതെന്നും അത് സര്‍ക്കാരിന്‍റെ നയമല്ലെന്നും പിണറായി പറഞ്ഞു.  
 
ലോക്കപ്പ് മര്‍ദ്ദനം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് ആവര്‍ത്തിച്ചാല്‍ കര്‍ശനമായ നടപടിയുണ്ടാകും. പൊലീസ് സ്റ്റേഷനുകളില്‍ നീതി തേടി വരുന്നവരോട് രാഷ്ട്രീയം നോക്കി ഉദ്യോഗസ്ഥര്‍ പെരുമാറരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

വെബ്ദുനിയ വായിക്കുക