എന്താണ് ഇടതുസര്‍ക്കാരിന്റെ നയമെന്ന് പൊലീസിനെ അറിയിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല, യുഎപിഎ ചുമത്തുന്നത് തെറ്റ്; വിമര്‍ശനവുമായി വീണ്ടും കാനം

വെള്ളി, 5 മെയ് 2017 (09:45 IST)
ഇടതുസര്‍ക്കാരിന്റെ നയം എന്താണെന്ന് പൊലീസിനെ അറിയിക്കാന്‍ മുഖ്യമന്ത്രിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടതുസര്‍ക്കാരിന്റെ നയം പൊലീസിലേക്ക് പോയിട്ടുണ്ടോ എന്ന് സംശയിക്കുന്ന വിധത്തിലാണ് പൊലീസിന്റെ പ്രവര്‍ത്തനം. പുതിയ സര്‍ക്കാര്‍ വന്നത് കൊണ്ട് പുതിയ പൊലീസിനെ റിക്രൂട്ട് ചെയ്യാന്‍ കഴിയില്ല. പഴയ പൊലീസ് ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും മാത്രമെ പുതിയ പൊലീസിനും ആശ്രയിക്കാന്‍ കഴിയുകയുള്ളൂവെന്നും സമകാലിക മലയാളം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ കാനം വ്യക്തമാക്കി.  
 
തന്റെ സര്‍ക്കാരിന്റെ നയം എന്താണെന്ന സന്ദേശം പൊലീസിലേക്ക് പോയാല്‍ പിന്നെ അത് നടപ്പാക്കുന്നുണ്ടോ എന്ന് മോണിട്ടര്‍ ചെയ്യുകയെന്നത് മാത്രമാണ് ഒരു ഭരണാധികാരിയുടെ ജോലി. എന്നാല്‍ അത്തരമൊരു സന്ദേശം പോയിട്ടുണ്ടോ എന്ന് സംശയം ജനിപ്പിക്കുന്ന വിധത്തിലാണ് ഭരണപരമായ കാര്യങ്ങള്‍ ഓരോന്നെടുത്ത് പരിശോധിക്കുമ്പോഴത്തെ സ്ഥിതി. എല്ലാം ശരിയാണെന്ന് പറയാന്‍ കഴിയില്ല. എന്റെ സര്‍ക്കാര്‍ ഇതാണ് ഉദ്ദേശിക്കുന്നതെന്ന് പൊലീസിനെ കൃത്യമായി അറിയിക്കാന്‍ പൊലീസിനെ ഭരിക്കുന്ന മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും കാനം പറയുന്നു.
 
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചില മീറ്റിങ്ങുകളിലെല്ലാം അദ്ദേഹം അക്കാര്യം പറയുന്നുണ്ട്. അങ്ങനെ പറഞ്ഞുതുടങ്ങിയശേഷം ചില മാറ്റങ്ങളും ഉണ്ടാകുന്നുണ്ട്. പക്ഷേ അനുഭവിക്കേണ്ടവരെല്ലാം അനുഭവിച്ച്, കേസുകളെല്ലാം എടുത്ത് കഴിഞ്ഞ് ഈ മാറ്റം നടപ്പില്‍ വരുമ്പോഴേക്കും സര്‍ക്കാരിനെക്കുറിച്ച് ജനങ്ങളുടെ മനസിലെ പ്രതിച്ഛായക്ക് വലിയ തകരാറ് സംഭവിച്ചിരിക്കുമെന്നും കാനം കൂട്ടിച്ചേര്‍ത്തു. യുഎപിഎ കേരളത്തില്‍ വേണ്ടെന്ന് ഇപ്പോഴും തീരുമാനിച്ചിട്ടില്ല. അങ്ങനെ തീരുമാനിക്കാനുളള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലേ, വേണ്ടെന്ന് തീരുമാനിക്കണം എന്നു തന്നെയാണ് സിപിഐയുടെ അഭിപ്രായമെന്നും കാനം പറഞ്ഞു. 

വെബ്ദുനിയ വായിക്കുക