ഉപഭോക്താക്കള്‍ സഹകരിക്കണം - ബാലന്‍

തിങ്കള്‍, 31 ഡിസം‌ബര്‍ 2007 (16:29 IST)
KBJWD
ഉപഭോക്താക്കള്‍ സഹകരിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് പവര്‍കട്ട് ഒഴിവാക്കാനാകുമെന്ന് വൈദ്യുതി മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ജനുവരി രണ്ടുമുതല്‍ 15 വരെയുള്ള ലോഡ് ഷെഡ്ഡിംഗ് പവര്‍കട്ടല്ലെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ കളക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷത്തെപ്പോലെ ഈ വര്‍ഷവും പവര്‍കട്ട്‌ ഒഴിവാക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് ഉപഭോക്താക്കളും സഹകരിക്കണം. കൂടാതെ കേന്ദ്രത്തില്‍ നിന്നുമുല്ല വിഹിതം പുനസ്ഥാപിക്കുകയും വേണം.

അനാവശ്യമായ വൈദ്യുത ദീപാലങ്കാരങ്ങള്‍ ഒഴിവാക്കല്‍, ഏറ്റവും അധികം ഉപഭോഗമുള്ള സമയത്ത്‌ മോട്ടോര്‍, തേപ്പുപെട്ടി എന്നിവ പ്രവര്‍ത്തിപ്പിക്കാതിരിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉപഭോക്താക്കളുടെ ഭാഗത്തു നിന്നുണ്ടാകണം. സി.എഫ്‌.എല്‍ ബള്‍ബുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

നേര്യമംഗലത്ത്‌ ഫെബ്രുവരിയില്‍ കമ്മീഷന്‍ ചെയ്യുന്ന പവര്‍ പ്രോജക്ടിന്‍റെ പണികള്‍ക്കായുള്ള ക്രമീകരണത്തിന്‍റെ ഭാഗമായാണ് . ജനുവരി രണ്ടുമുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ അര മണിക്കൂര്‍ വീതം ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തുന്നത്. അത്‌ പവര്‍കട്ടല്ല.
നിലവില്‍ കേരളത്തില്‍ 333 മെഗാവാട്ട്‌ വൈദ്യുതിയുടെ കുറവാണ്‌.

കേന്ദ്രത്തില്‍ നിന്നുള്ള വെട്ടിക്കുറയ്ക്കല്‍ മൂലം 183 മെഗാവാട്ട്‌ വൈദ്യുതി കുറഞ്ഞു. ഇതോടൊപ്പം 150 മെഗാവാട്ട്‌ അധിക ഉപഭോഗവും. ഇക്കുറി മഴ ധാരാളമായുണ്ടായെങ്കിലും വൃഷ്ടിപ്രദേശത്ത്‌ നീരൊഴുക്ക്‌ കുറവായിരുന്നു. എത്ര മഴ കിട്ടിയാലും 100 ദിവസത്തേക്കുള്ള വൈദ്യുതി ഉണ്ടാക്കാനുള്ള ജലസംഭരണ ശേഷിയെ ഇവിടെയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക