ഉത്രാടം തിരുനാളിന്റെ നിര്യാണത്തില്‍ അവധി നല്‍കിയതിനെതിരെ വി ടി ബല്‍റാം
തിങ്കള്‍, 16 ഡിസംബര്‍ 2013 (16:21 IST)
PRO
PRO
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ നിര്യാണത്തെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ അവധി നല്‍കിയതിനെതിരെ വി ടി ബല്‍റാം എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍എയുടെ പ്രതികരണം.
ശ്രീ മാര്‍ത്താണ്ഡ വര്‍മ്മയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു. എന്നാല്‍ പഴയ ഒരു രാജകുടുംബത്തിലെ അംഗമെന്നതില്‍ക്കവിഞ്ഞ് ഒരിക്കല്‍പ്പോലും ഈ നാടിന്റെ ഭരണാധികാരി അല്ലാതിരുന്ന അദ്ദേഹത്തിന്റെ മരണത്തേത്തുടര്‍ന്ന് തിരുവനന്തപുരത്ത് പൊതുഅവധി പ്രഖ്യാപിച്ചത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്ന് ബല്‍റാം ചോദിക്കുന്നു. രാജഭരണവും ഫ്യൂഡലിസവുമൊക്കെ കഴിഞ്ഞുപോയെന്നും ഇപ്പോള്‍ ഈ നാട്ടില്‍ നിലനില്‍ക്കുന്നത് ജനാധിപത്യവ്യവസ്ഥിതിയാണെന്നതും ഭരണാധികാരികള്‍ തന്നെ മറന്നുപോകുന്നത് ഉചിതമല്ല. “രാജാവ് നാടുനീങ്ങി” തുടങ്ങിയ തലക്കെട്ടുകള്‍ നാളത്തെ പത്രങ്ങളില്‍ കണ്ടാലും ആശ്ചര്യപ്പെടേണ്ടതില്ലെന്ന് തോന്നുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം ബല്‍റാമിന്റെ പോസ്റ്റിനെതിരെ കടുത്ത വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ ഒരു “ജനപ്രതിനിധി” ആയതുകൊണ്ടും രാജഭരണത്തിന്റെ കാര്യസ്ഥന്‍ അല്ലാത്തതുകൊണ്ടുമാണ് എനിക്കിങ്ങനെ പറയേണ്ടി വന്നത് എന്നാണ് ബല്‍റാമിന്റെ വിശദീകരണം
ഓരോ നാട്ടിലേയും പ്രശസ്തരും പൊതുകാര്യപ്രസക്തരുമൊക്കെയായ ആളുകള്‍ മരിക്കുമ്പോള്‍ പ്രാദേശികമായി ഹര്‍ത്താല്‍ ആചരിക്കാറുണ്ട്. എന്നാല്‍ അതും പൊതു അവധിയും തമ്മില്‍ വലിയ വ്യത്യാസമുണ്ട് എന്നും അദ്ദേഹം പറയുന്നു.