ഇന്ത്യന്‍ ജഡ്ജിമാര്‍ കഴുതപ്പണി ചെയ്യുന്നു!

ശനി, 16 ജനുവരി 2010 (14:51 IST)
PRO
PRO
കോടതികളില്‍ കേസ് കെട്ടിക്കെടുക്കുന്നതിന് കാരണം ജഡ്ജിമാരും അഭിഭാഷകരും ജോലി ചെയ്യാത്തത് കൊണ്ടല്ലെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അപേക്ഷിച്ച് ഇന്ത്യയിലെ ജഡ്ജിമാര്‍ കഴുതപ്പണിയും അടിമവേലയുമാണ് ചെയ്യുന്നതെന്നും സുപ്രീം കോടതി ജഡ്ജി സിറിയക് ജോസഫ്. പാലായില്‍ ജില്ലാ കോടതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് സുപ്രീം കോടതി ജഡ്ജി സിറിയക് ജോസഫ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

വഴിയേ പോകുന്ന ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയായി കോടതികള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. എന്തിനും ഏതിനും കോടതികളെ വിമര്‍ശിക്കാവുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. എന്നാല്‍ കേസുകള്‍ കെട്ടിക്കെടുക്കുന്നതില്‍ കോടതികള്‍ക്കൊരു പങ്കുമില്ല എന്ന് എല്ലാവരും മനസിലാക്കണം.

കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്ന മുറക്ക് കൂടുതല്‍ കേസുകള്‍ കുമിഞ്ഞുകൂടുകയാണ്. സത്യത്തില്‍, ലോകരാജ്യങ്ങളിലെ കോടതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ തീര്‍പ്പാക്കുന്നത് ഇന്ത്യന്‍ കോടതികളാണ്. തീര്‍പ്പാക്കുന്നതിനേക്കാള്‍ കൂടുതല്‍ കേസുകളാണ് കോടതികള്‍ വന്നുചേരുന്നതെന്ന് മനസിലാക്കണം. ജഡ്ജിമാരുടെയും അഭിഭാഷകരുടെയും പിടിപ്പുകേടല്ല, പകരം രാജ്യത്തിലെ നീതിന്യായ സംവിധാനത്തിന്റെ പോരായ്മയാണ് കേസുകള്‍ കെട്ടിക്കെടുക്കാന്‍ കാരണം.

ജഡ്ജിമാരുടെ ജാതിയെന്ത് മതമെന്ത് കൂട്ടുകാരാര് എന്നൊക്കെ അന്വേഷിച്ചറിയുന്ന പുതിയൊരു പ്രവണത നമ്മുടെ രാജ്യത്ത് തുടങ്ങിയിട്ടുണ്ട്. ഈ പ്രവണത ഒന്നും ആശ്വാസ്യമല്ല. ഈ രീതി മാറിയേ പറ്റൂ - അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക