അത് ആഡംബര വിവാഹമല്ല, സാധാരണ വിവാഹം പോലെ തന്നെയാണ് നടത്തിയത്: എം എൽ എ ഗീതാ ഗോപി

ബുധന്‍, 7 ജൂണ്‍ 2017 (09:21 IST)
നാട്ടിക എംഎല്‍എ ഗീത ഗോപിയുടെ മകളുടെ ആര്‍ഭാട വിവാഹം വിവാദത്തിലേക്ക്. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി മകളുടെ ആഡംബര വിവാഹം നടത്തിയതിന് നാട്ടിക എംഎല്‍എ ഗീതാ ഗോപിയോട് സിപിഐ വിശദീകരണം തേടും.
 
വിവാഹങ്ങള്‍ ലളിതമായി നടത്തണമെന്ന് പാര്‍ട്ടിയുടെ തന്നെ നിര്‍ദേശമുളളപ്പോഴാണ് സിപിഐ എംഎല്‍എയുടെ മകളുടെ ആര്‍ഭാട വിവാഹം അരങ്ങേറിയതും. തൃശൂർ ജില്ലാകമ്മിറ്റിയെ ഇതിനായി സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തി. സംസ്ഥാന എക്‍സിക്യൂട്ടിവാണ് വിശദീകരണം തേടാന്‍ ആവശ്യപ്പെട്ടത്.
 
സ്വർണത്തിലുള്ള നിരവധി ആടയാഭരണങ്ങളാൽ അണിഞ്ഞൊരുങ്ങിയ വധുവിന്റെ വിവാഹ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  ഗുരുവായൂര്‍ ദേവസ്വത്തിന്റെ പൂന്താനം ഹാളില്‍ തിങ്കളാഴ്ചയാണ് ഗീതാഗോപിയുടെ മകള്‍ ശില്‍പ്പയുടെ വിവാഹം നടന്നത്. 95,000 രൂപയോളം വാടകയുളള ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം.
 
അതേസമയം തന്റെ മകളുടേത് സാധാരണ വിവാഹം പോലെത്തന്നെയാണ് നടത്തിയതെന്നാണ് ഗീതാഗോപി വ്യക്തമാക്കിയത്.

വെബ്ദുനിയ വായിക്കുക