സംസ്ഥാനത്ത് അവശേഷിക്കുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കാനാണ് ലീഗ് ശ്രമിക്കുന്നത്; ആഞ്ഞടിച്ച് കുമ്മനം

തിങ്കള്‍, 5 ജൂണ്‍ 2017 (12:40 IST)
സഭാ നേതൃത്വവുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കുടാതെ അവശേഷിക്കുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കാനാണ് ലീഗിന്റെ ശ്രമമെന്നും കുമ്മനം പറഞ്ഞു. ബിജെപിയുടെ പ്രധാന ലക്ഷ്യം എല്ലാ വിഭാഗങ്ങളുമായി ഇടപഴകുകയും അവരുമായി ഐക്യമുണ്ടാക്കുകയും നാടിന്റെ കെട്ടുറപ്പിന് സഹായകമായ ഒരു രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പോയ ഏത് സ്ഥലത്താണ് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടുള്ളതെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കണമെന്നും കേരളത്തില്‍ നടന്ന വര്‍ഗ്ഗീയ കലാപങ്ങളില്‍ ബിജെപിയുടെ പങ്ക് എന്താണ്, അതില്‍ മുസ്ലീം ലീഗിനുള്ള പങ്ക് എന്താണ്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഇപ്പോഴുള്ള സൗഹൃദം കൂടി നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
 
ബിജെപി ദേശീയ അധ്യക്ഷൻ അമിത്​ ഷായുടെ സന്ദർശനത്തിനെതിരേ മുസ്​ലിം ലീഗ്​ സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്​ രംഗത്ത് വന്നിരുന്നു. വർഗീയ കലാപമുണ്ടാക്കാനാണ് അമിത്​ ഷാ കേരളത്തില്‍ എത്തിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹം സന്ദര്‍ശിച്ചിടത്തെല്ലാം വർഗീയ കലാപമുണ്ടായിട്ടുണ്ട്​. ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം നടപ്പാകില്ലെന്നും മജീദ്​ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക